യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതംമൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നതായാണ് റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഹൃദ്രോഗം എപ്പോള്‍ വേണമെങ്കിലും ബാധിക്കാം. നമ്മുടെ ജീവിതശൈലികളും പ്രമേഹം, അമിതവണ്ണം, രക്താതിമർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുടെ വ്യാപനവും ഹൃദ്രോഗത്തിന് കാരണമാകുന്നു. ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന അനാരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതിന് പകരം പ്രതിരോധ നടപടികള്‍ സ്വീകരിച്ച് നമ്മുടെ ഹൃദയാരോഗ്യത്തെ പരിപാലിക്കുക. ചെറുപ്പം മുതലേ ഹൃദയാരോഗ്യത്തിന് മുൻതൂക്കം നല്‍കാം. അതുവഴി നമുക്ക് സങ്കീർണതകള്‍ ഒഴിവാക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും കഴിയും. അടുത്തിടെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച സംഭവം നാം അറിഞ്ഞതാണ്. വ്യായാമം പൊതുവെ ഹൃദയത്തിന് നല്ലതായി കണക്കാക്കുമ്പോള്‍ പെട്ടെന്നുള്ളതും തീവ്രവുമായ വ്യായാമം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നെഞ്ചുവേദന, തലകറക്കം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ ഒരാള്‍ ട്രെഡ്‌മില്‍ ഉപയോഗിച്ച് വ്യായാമം ചെയ്യുന്നത് ഹൃദയാഘാതത്തിനുള്ള സാധ്യത കൂട്ടുന്നു.
ജങ്ക് ഫുഡ് ഒഴിവാക്കൂ.
ചിലർ പുതിയതായി ജിമ്മില്‍ പോകുന്നവർ തുടക്കത്തില്‍ അമിതമായി വ്യായാമം ചെയ്യാറുണ്ട്. അത് ശരീരത്തിന് കൂടുതല്‍ ദോഷം ചെയ്യും. മറ്റൊന്ന് അനാരോഗ്യകരമായ ജീവിതശെെലി വിവിധ രോഗങ്ങള്‍ക്ക് കാരണമാകും. ജങ്ക് ഫുഡ് അമിതമായി കഴിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണ്. ബോഡി ബില്‍ഡിങ്ങിനായി പലരും പ്രോട്ടീൻ പൗഡറും മറ്റ് പൗഡറുകളും കഴിക്കാറുണ്ട്. അതിന്റെ ദോഷവശങ്ങള്‍ പലർക്കും അറിയില്ല. കാരണം, സ്റ്റിറോയിഡുകള്‍ അമിതമായി ഉപയോഗിച്ച് കഴിഞ്ഞാല്‍ മരണം വരെ സംഭവിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വ്യായാമം ഒരിക്കലും മരണത്തിന് കാരണമാകുന്നില്ല. വ്യായാമം ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുന്നതായാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. പുകവലി, മദ്യപാനം, ജങ്ക് ഫുഡ് എന്നിവ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അമിതമായി വ്യായാമം ചെയ്യുന്ന ഒരാള്‍ക്ക് ഉറക്കം പ്രധാനമാണ്. ഏഴ് മണിക്കൂറെങ്കിലും ഉറക്കം പ്രധാനമാണ്. ദിവസവും 20 മുതൽ 30 മിനുട്ട് നേരം നിർബന്ധമായും വ്യായാമം ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.