ദില്ലി: ഇന്ത്യൻ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) അനിശ്ചിതകാലത്തേക്ക് മാറ്റി. സെപ്റ്റംബറില്‍ ആരംഭിക്കേണ്ട സീസണ്‍ സംപ്രേഷണാവകാശ കരാർ തർക്കത്തെ തുടർന്നാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. ഫെഡറേഷനുമായുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്‍റ് പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ഐഎസ്എല്‍ മാറ്റിവെക്കാനുള്ള തീരുമാനം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെയും സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ സംയുക്ത ഉടമസ്ഥതയിലുള്ള ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്‍റ് ലിമിറ്റഡ്(എഫ് എസ് ഡി എല്‍) അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു.
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും എഫ് എസ് ഡി എല്ലുമായുള്ള കരാര്‍ ഡിസംബറില്‍ അവസാനിക്കാനിരിക്കെ കരാര്‍ പുതുക്കാനുള്ള നടപടികളൊന്നും ഫെഡറേഷന്‍റെ ഭാഗത്തു നിന്നുണ്ടായില്ല. സംപ്രേഷണ കരാറനുസരിച്ച് എഫ് എസ് ഡി എൽ വര്‍ഷം 50 കോടി രൂപ ഫെഡറേഷന് നല്‍കിയിരുന്നു. പകരമായി മത്സരങ്ങളുടെ സംപ്രേഷണം ഉള്‍പ്പെടെ വാണിജ്യ അവകാശങ്ങള്‍ എഫ് എസ് ഡി എല്ലിന് ലഭിക്കുന്ന തരത്തിലായിരുന്നു കരാര്‍ നിലവിലുണ്ടായിരുന്നത്.