കല്‍പ്പറ്റ: വികസനത്തിന്റെ കാര്യത്തില്‍ വയനാടിനോട് പിണറായി സര്‍ക്കാര്‍ കാണിക്കുന്നത് നിഷേധാത്മക നടപടികളാണെന്ന് സജീവ് ജോസഫ് എം എല്‍ എ. വയനാട് ചുരം റോഡില്‍ സുരക്ഷിത യാത്രക്ക് സൗകര്യമൊരുക്കുക, ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ചുരം ബൈപ്പാസ് റോഡ് ഉടന്‍ ടെണ്ടര്‍ ചെയ്യുക, പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് യാഥാര്‍ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലക്കിടിയില്‍ ചുരം കവാടത്തിന് സമീപം നടത്തിയ പ്രതിഷേധസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ ജനങ്ങളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണ് ചുരത്തിലെ യാത്രാ പ്രശ്‌നം. ദുരന്തങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും നടുവില്‍ കഴിയേണ്ട അവസ്ഥയിലാണ് ജില്ലയിലെ ജനങ്ങള്‍. സഞ്ചാരസ്വാതന്ത്ര്യമോ, മതിയായ ചികിത്സാസൗകര്യമോ ഇവിടയില്ല. എല്ലാത്തരത്തിലും കൂട്ടിലടക്കപ്പെട്ട സാഹചര്യമാണ്. ഇക്കഴിഞ്ഞ 26ന് ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായപ്പോള്‍ വഴി തന്നെ അടഞ്ഞ അവസ്ഥയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തിലെല്ലാം സമയബന്ധിതമായ നടപടികള്‍ സ്വീകരിക്കുന്നതിലും അധികൃതര്‍ പരാജയപ്പെട്ടു. വയനാടിന്റെ വിവിധ വിഷയങ്ങളോടുള്ള ഇടതുസര്‍ക്കാരിന്റെ അനങ്ങാപ്പാറ നയം തിരുത്തണം. മുമ്പത്തേക്കാള്‍ ഗുരുതരമാണ് ചുരത്തിലെ ഇന്നത്തെ സാഹചര്യം. എന്നാല്‍ ന്യായങ്ങള്‍ പറഞ്ഞ്, കാരണങ്ങള്‍ കണ്ടെത്തി, റോഡ് വികസനം തടയുന്ന സമീപനമാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത്. മതിയായ ചികിത്സാസൗകര്യമില്ലാത്ത ജില്ലയില്‍ നിന്നും അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ട് പോകുമ്പോള്‍ എത്രയോ പേരാണ് മരിച്ചിട്ടുള്ളത്. എന്നാല്‍ സര്‍ക്കാര്‍ നിസംഗതയില്‍ തന്നെയാണ്. വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്ന പ്രതികാര നടപടിയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ജനങ്ങളും രാഷ്ട്രീയപാര്‍ട്ടികളും നടത്തുന്ന സമരം വികസനത്തിന് വേണ്ടിയോ പുതിയ പദ്ധതികള്‍ക്കോ അല്ലെന്നതാണ് യാഥാര്‍ഥ്യം. മറിച്ച് വര്‍ഷങ്ങളായി അനുഭവിച്ചുവരുന്ന പദ്ധതികളെ ഇല്ലാതാക്കുന്നതിന് എതിരെയാണ്. വയനാട് മെഡിക്കല്‍ കോളജ്, എയര്‍ സ്ട്രിപ്പ്, നഞ്ചന്‍ഗോഡ് നിലമ്പൂര്‍ റെയില്‍പാത, റോഡ് വികസനം ഉള്‍പ്പെടെ എല്ലാ സാധ്യതകളും അവസരങ്ങളും ഈ സര്‍ക്കാര്‍ പിടിപ്പുകേട് കൊണ്ട് ഇല്ലാതാക്കി. തെരഞ്ഞെടുപ്പ് വന്ന ഘട്ടത്തില്‍ ഒരിക്കല്‍ നിര്‍മ്മാണോദ്ഘാടനം നടത്തിയ തുരങ്കപാത വീണ്ടും പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയാണെന്നും അദ്ദേഹം പരിഹസിച്ചു. തുരങ്കപാതക്ക് എതിരല്ല, എന്നാല്‍ അത് പ്രാവര്‍ത്തികമാകുന്നത് വരെ ഇപ്പോഴത്തെ ഗതാഗതപ്രശ്‌നം വയനാട്ടുകാര്‍ അനുഭവിക്കണമെന്ന് പറയുന്നത് ശരിയല്ല. അതുകൊണ്ട് ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപ്പാസ് എത്രയും വേഗം യാഥാര്‍ഥ്യമാക്കണം. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡിന്റെ കാര്യത്തിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആവശ്യമായ നടപടികളുണ്ടാകുന്നില്ല. അഴിമതി നടത്താന്‍ കോടികളുടെ പദ്ധതികളുമായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുന്ന സര്‍ക്കാര്‍ ഈ പാതയുടെ കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല. യു ഡി എഫ് അധികാരത്തിലെത്തിയാല്‍ ഈ ബദല്‍പാതകളെല്ലാം യാഥാര്‍ഥ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. പി കെ ജയലക്ഷ്മി, കെ എല്‍ പൗലോസ്, പി പി ആലി, അഡ്വ. ടി ജെ ഐസക്, അഡ്വ. എന്‍ കെ വര്‍ഗീസ്, എം എ ജോസഫ്, ഒ വി അപ്പച്ചന്‍, എം ജി ബിജു, ബിനു തോമസ്,എന്‍ സി കൃഷ്ണകുമാര്‍, നജീബ് കരണി, ഒ ആര്‍ രഘു, അഡ്വ, രാജേഷ്‌കുമാര്‍, ഇ എ ശങ്കരന്‍, പോള്‍സണ്‍ കൂവക്കല്‍, ബി സുരേഷ്ബാബു, മാണി ഫ്രാന്‍സിസ്, കമ്മന മോഹനന്‍, ചിന്നമ്മ ജോസ്, ചന്ദ്രികാ കൃഷ്ണന്‍, വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.