യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ ‘എ’ ഗ്രൂപ്പ് ഉന്നയിച്ച വിമര്‍ശനം തള്ളി കെപിസിസി നേതൃത്വം. രാഹുലിനെതിരായ നടപടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്ന് നേതൃത്വം വിശദീകരിച്ചു. രാഹുലിനെതിരായ നടപടിയിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് ‘എ’ ഗ്രൂപ്പ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയായാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്.
നടപടി വേണ്ടെന്ന് അന്ന് നിലപാടെടുത്തവർ ഇപ്പോൾ എതിർപ്പ് ഉയർത്തുകയാണെന്നും ഇത് വിഭാഗീയതയുടെ ഭാഗമാണെന്നും കെപിസിസി നേതൃത്വത്തിലെ ഒരു വിഭാഗം ആരോപിക്കുന്നു. രാഹുലിന് ഒപ്പം നിന്നുകൊണ്ട് എ ഗ്രൂപ്പ് ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഒരിടക്ക് ശിഥിലമായ എ ഗ്രൂപ്പ് ശക്തമാകുന്നുവെന്ന് ഇതിൽ നിന്നും വ്യക്തമാണ്. രാഹുൽ പാലക്കാട് ഉടൻ സജീവമാകണമെന്നും നിയമസഭയിലേക്ക് എത്തുമോ എന്നതിൽ രാഹുലാണ് നിലപാട് സ്വീകരിക്കേണ്ടതെന്നുമാണ് എ ഗ്രൂപ്പ് വ്യക്തമാക്കുന്നത്.