തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി. 65കാരനായ രവിയാണ് മകന്റെ മർദനത്തിൽ മരിച്ചത്. കുറ്റിച്ചലിൽ ഇന്നലെ രാത്രിയാണ് സംഭവം. തുടർന്ന് മകൻ നിഷാദിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയത് ചോദ്യം ചെയ്തതിന് പിതാവിന്റെ നെഞ്ചിൽ ചവിട്ടി വീഴ്ത്തുകയായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ ഡ്രൈവറാണ് നിഷാദ്. മദ്യപിച്ച് വീട്ടിലെത്തി കുടുംബവുമായി ബഹളമുണ്ടാക്കിയതിനെ തുടർന്ന് തടയാൻ ശ്രമിച്ച പിതാവിനെ നിഷാദ് ചവിട്ടിവീഴ്ത്തുകയായിരുന്നു. ശേഷം മർദിക്കുകയും ചെയ്തതായാണ് വിവരങ്ങൾ. അവശനിലയിലായ രവിയെ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നിഷാദിനെ നെയ്യാർ ഡാം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.