മാനന്തവാടി അമ്പുകുത്തിയിലെ പരേതരായ ദമ്പതികളുടെ മകളാണ് പരാതിക്കാരി. അച്ചന്റെയും അമ്മയുടെയും മരണശേഷം ഈ പെണ്‍കുട്ടിയുടെ സംരക്ഷണം അമ്മയുടെ അമ്മയാണ് ഏറ്റെടുത്തിരുന്നത്. പിന്നീട് അമ്മമ്മയും മരണപ്പെട്ടതോടെയാണ് കുട്ടി അമ്മയുടെ അനുജത്തിയുടെ സംരക്ഷണത്തിലായത്. കഴിഞ്ഞ ആറ് വര്‍ഷമായി അമ്മയുടെ അനുജത്തിക്കൊപ്പമാണ് ഈ പെണ്‍കുട്ടി താമസിക്കുന്നത്. മാതാപിതാക്കളുടെ മരണത്തില്‍ മാനസികമായി തളര്‍ന്ന തനിക്ക് അച്ചന്റെ വീട്ടുകാരുടെ മാനസിക പീഡനങ്ങള്‍ കൂടി സഹിക്കാനാവാതെ വന്നതോടെയാണ് അമ്മയുടെ അനുജത്തിയുടെ വീട്ടില്‍ താമസമാരംഭിച്ചതെന്നാണ് പെണ്‍കുട്ടി പറയുന്നത്. രണ്ടര വര്‍ഷം മുന്‍പ് കുട്ടിയെ തങ്ങളുടെ കൂടെ നിര്‍ത്തണമെന്ന ആവശ്യവുമായി വല്ല്യച്ചന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടിയെ അമ്മയുടെ അനുജത്തിയുടെ കൂടെ വിടാന്‍ ചൈല്‍ഡ്‌ലൈന്‍ ഉത്തരവിടുകയായിരുന്നു. പിന്നീട് ഇതേ വിഷയമുന്നയിച്ച് കുടുംബ കോടതിയില്‍ പിതാവിന്റെ ബന്ധുക്കള്‍ കൊടുത്ത കേസ് വാദിക്കാന്‍ വരാതായതോടെ തള്ളി പോയി. മാതാപിതാക്കളുടെ മരണശേഷം സ്വത്തുക്കളെല്ലാം തന്റെ പേരിലാണുള്ളത്. നിലവില്‍ കേസിലിരിക്കുമ്പോഴും തന്നെ അവരുടെ കൂടെ കൊണ്ടുപോകാനുള്ള ശ്രമം തന്റെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കാനാണെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.
വിഷയത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി പരാതി വനിതാ സെല്ലിന് കൈമാറിയിരിക്കുകയാണ്.
വിഷയത്തില്‍ വനിതാ സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചൈല്‍ഡ്‌ലൈനും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.