വയനാട് ജില്ലയിൽ കർഷകരും ചെറുകിട സംരംഭകരും
കാർഷികോൽപ്പാദക കമ്പനികളും
ഉൽപാദിപ്പിക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഒറ്റ ബ്രാൻഡിൽ വിപണിയിലിറക്കാൻ ആലോചന. ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ള യുടെ നിർദ്ദേശത്തെ തുടർന്ന് കൃഷിവകുപ്പിന് നേതൃത്വത്തിൽ ഇതിനുള്ള ശ്രമങ്ങൾ തുടങ്ങി.ആദ്യഘട്ടത്തിൽ കാർഷികോൽപാദന കമ്പനികളും വ്യക്തിഗത സംരംഭകരും ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ ആയിരിക്കും ഒറ്റ ബ്രാൻഡിൽ വിപണിയിൽ എത്തിക്കുക. കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധി വിപണി ആയതിനാൽ അതിനു പരിഹാരം കാണുക എന്ന ഉദ്ദേശത്തിൽ വിപണി ഇടപെടലിന്റെ ഭാഗമായാണ് വ്യത്യസ്തങ്ങളായ വിവിധ ഉൽപ്പന്നങ്ങൾ അവരുടെ ബ്രാൻഡ് നെയിമിനൊപ്പം വയനാട്ടിൽ നിന്നുള്ള ഉത്പന്നങ്ങൾ എന്നു ഉറപ്പാക്കുന്ന ഒറ്റ ബ്രാൻഡ് കൂടി ചേർക്കുന്നത്.
ജൈവ ഉല്പന്നങ്ങൾക്ക് ആയിരിക്കും ആദ്യഘട്ടത്തിൽ പരിഗണന നൽകുന്നത്. ഇതിനു മുന്നോടിയായി ജില്ലാ പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ സജിമോന്റെ അധ്യക്ഷതയിൽ എഫ് പി. ഒ പ്രതിനിധികളുടെയും കർഷക പ്രതിനിധികളുടെയും സംരംഭക പ്രതിനിധികളുടെയും യോഗം ചേർന്നു.
. വയനാട് ജില്ലയിൽ കൃഷി വകുപ്പിൻറെ നേതൃത്വത്തിൽ പുതിയ കാർഷികോൽപാദന കമ്പനികൾ രൂപീകരിക്കാനും തീരുമാനമായി .നിലവിലുള്ള കാർഷികോൽപാദന കമ്പനികളെ ശാക്തീകരിക്കാനും നടപടി സ്വീകരിക്കും.