വാട്‌സാപ്പിന്റെ പുതിയ കമ്മ്യൂണിറ്റീസ് ഫീച്ചര്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലും വെബ് പതിപ്പിലും എത്തി. വാട്‌സാപ്പിലെ ഗ്രൂപ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഫീച്ചര്‍ ആണിത്. സമാന സ്വഭാവമുള്ള ഗ്രൂപ്പുകളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കുന്നു.
എന്താണ് വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് ?
വാട്‌സാപ്പ് ഗ്രൂപ്പുകളുമായി സമാനതകളുണ്ടെങ്കിലും കമ്മ്യൂണിറ്റീസും ഗ്രൂപ്പുകളും ഒന്നല്ല. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ആളുകള്‍ക്കെല്ലാം ഒരു ചാറ്റില്‍ ഒന്നിക്കാന്‍ സാധിക്കും. വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് ആവട്ടെ ഒരു കൂട്ടം ഗ്രൂപ്പുകളെ ഒരു കുടക്കീഴില്‍ കൊണ്ടുവരും. സ്‌കൂളുകള്‍, ഓഫീസുകള്‍, കാമ്പസ് എന്നിവിടങ്ങളിലെല്ലാമുള്ള സമാന താല്‍പര്യമുള്ള ഗ്രൂപ്പുകളെ ഒന്നിച്ച് കൈകാര്യം ചെയ്യാന്‍ ഇതുവഴി സാധിക്കും.
ആന്‍ഡ്രോയിഡിലും ഐഒഎസിലും Chats ന് അടുത്തായി കമ്മ്യൂണിറ്റീസ് ലോഗോ കാണാം. വാട്‌സാപ്പ് വെബ്ബില്‍ ഏറ്റവും മുകളിലായി കമ്മ്യൂണിറ്റീസ് ലോഗോ കാണാം.
വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് എങ്ങനെ നിര്‍മിക്കാം?
വാട്‌സാപ്പില്‍ കമ്മ്യൂണിറ്റീസ് ടാബ് തുറക്കുക
ന്യൂ കമ്മ്യൂണിറ്റീസ് തിരഞ്ഞെടുക്കുക
കമ്മ്യൂണിറ്റിയുടെ പേരും വിവരണവും പ്രൊഫൈല്‍ ചിത്രവും നല്‍കുക.
പച്ച നിറത്തിലുള്ള ‘ആരോ’ ഐക്കണ്‍ ക്ലിക്ക് ചെയ്യുക
നിങ്ങള്‍ക്ക് ഈ കമ്മ്യൂണിറ്റിയ്ക്ക് കീഴില്‍ പുതിയ ഗ്രൂപ്പുകള്‍ ക്രിയേറ്റ് ചെയ്യാനും
നിലവിലുള്ള ഗ്രൂപ്പുകളെ കമ്മ്യൂണിറ്റിയില്‍ ചേര്‍ക്കുകയും ചെയ്യാം.
ഗ്രൂപ്പുകള്‍ ചേര്‍ത്തതിന് ശേഷം പച്ച നിറത്തിലുള്ള ചെക്ക് മാര്‍ക്ക് ബട്ടന്‍ ക്ലിക്ക് ചെയ്യുക.
50 ഗ്രൂപ്പുകള്‍ കമ്മ്യൂണിറ്റിയുടെ ഭാഗമാക്കാം. 5000 പേരടങ്ങുന്ന അനൗണ്‍സ്‌മെന്റ് ഗ്രൂപ്പ് നിര്‍മിക്കാം. കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് ഇഷ്ടമുള്ള മറ്റ് ഗ്രൂപ്പുകളില്‍ അംഗമാകാനും സാധിക്കും. അഡ്മിന്‍മാര്‍ക്ക് മാത്രമേ കമ്മ്യൂണിറ്റീസ് അനൗണ്‍സ്‌മെന്റ് ഗ്രൂപ്പ് കൈകാര്യം ചെയ്യാനാവൂ. എല്ലാ ഗ്രൂപ്പുകളിലേയും അംഗങ്ങളിലേക്ക് സന്ദേശം എത്തിക്കാന്‍ ഇതുവഴി സാധിക്കും. അനൗണ്‍സ്‌മെന്റ് ഗ്രൂപ്പില്‍ അഡ്മിന്‍മാരുടെ നമ്പറുകള്‍ അല്ലാതെ മറ്റ് അംഗങ്ങളുടെ ഒന്നും നമ്പര്‍ പ്രദര്‍ശിപ്പിക്കില്ല.