ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വഴിയുള്ള പണമിടപാടിന്റെ കുത്തക കൈയടക്കി ഭീമന്മാരായ അന്താരാഷ്ട്ര കമ്പനികള്‍. ഡിജിറ്റല്‍ പണമിടപാടിന് തുടക്കമിട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളും നോക്കുകുത്തിയായി.
ഏറ്റവുമൊടുവില്‍, വാട്സാപ് വഴിയും പണമയക്കാനുള്ള ക്രമീകരണം ഇന്ത്യയില്‍ വെള്ളിയാഴ്ച ഔപചാരികമായി തുടങ്ങി. ഫേസ്ബുക്ക് ഉടമയായ മാര്‍ക് സുക്കര്‍ബര്‍ഗ് നിയന്ത്രിക്കുന്ന വാട്സാപിന്റെ വരവു കൂടിയായതോടെ ഇന്ത്യയെന്ന വബന്‍ ഡിജിറ്റല്‍ വിപണിയിലെ ബഹുരാഷ്ട്ര കമ്ബനികളുടെ മത്സരം മുറുകി. ആല്‍ഫബറ്റിന് കീഴിലുള്ള ഗൂഗ്ള്‍ പേ, വാള്‍മാര്‍ട്ടിെന്റ ഫോണ്‍ പേ, അലിബാബയുടെ പേ.ടി.എം എന്നിവ മൊബൈല്‍ പണമിടപാട് കൈയടക്കി വെച്ചിരിക്കെയാണ് വാട്സാപിന്റെ കടന്നുവരവ്.
കേന്ദ്രസര്‍ക്കാറിന് കീഴിലെ നാഷനല്‍ പേമെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ) രൂപപ്പെടുത്തിയ യു.പി.ഐ (യൂനിഫൈഡ് പേമെന്റ്സ് ഇന്റര്‍ഫേസ്) സംവിധാനവും ഭീം ആപ്ലിക്കേഷനും ഉപയോഗപ്പെടുത്തിയാണ് ബാങ്കുകളുടെ സഹായത്തോടെ ഈ കമ്ബനികള്‍ ഡിജിറ്റല്‍ പണമിടപാട് വികസിപ്പിക്കുന്നത്.
പണമിടപാടിനുള്ള വേദി ഇവര്‍ ഒരുക്കുന്നു എന്നല്ലാതെ, അടിസ്ഥാനമെല്ലാം തയാറാക്കിയത് എന്‍.പി.സി.ഐയാണ്. ഭീം ആപ് ഇത്തരത്തിലുള്ള പണമിടപാടിന് വേദിയായി നില്‍ക്കുബോ ള്‍ തന്നെയാണ്, യു.പി.ഐ ഇടപാടിന്റെ സിംഹഭാഗവും പുറംകബനികള് കൈയടക്കിയത്.
പ്രമുഖമായവ അടക്കം രാജ്യത്തെ 140ഓളം ബാങ്കുകളിലെ അക്കൗണ്ട് ഉടമകളെ ഡിജിറ്റല്‍ പണമിടപാടിലേക്ക് ഓഫറുകളോടെ വലവീശി പിടിക്കുബോള്‍, സ്വന്തം ബ്രാന്‍ഡ് കൈവിട്ട് സാങ്കേതിക സഹായം ചെയ്യുന്നതിലേക്ക് പേമെന്റ് കോര്‍പറേഷനും ബാങ്കുകളും ഒതുങ്ങിപ്പോയി. എല്ലാ ബാങ്കുകളും യു.പി.ഐ സേവനം നല്‍കുന്നുണ്ട്. പക്ഷേ, ഡിജിറ്റല്‍ പണമിടപാട് ബഹുരാഷ്ട്ര കമ്ബനികളുടെ നിയന്ത്രണത്തില്‍.
40 കോടി പേരാണ് ഇന്ത്യയില്‍ വാട്സാപ് ഉപയോഗിക്കുന്നത്. ഈ മാര്‍ക്കറ്റിലാണ് ഉടമകളായ ഫേസ്ബുക്കിെന്റ കണ്ണ്. രണ്ടു കോടി ഉപയോക്താക്കള്‍ എന്ന നിയന്ത്രണം എന്‍.പി.സി.ഐ തുടക്കത്തില്‍ വെച്ചിട്ടുണ്ടെന്നു മാത്രം.
ഇന്ത്യ രൂപപ്പെടുത്തിയ യു.പി.ഐ മുഖേന 200 കോടി ഡിജിറ്റല്‍ ഇടപാടുകളാണ് (3.3 ലക്ഷം കോടി രൂപയുടേത്) ഒക്ടോബറില്‍ നടന്നത്. സെപ്റ്റംബറില്‍ 180 കോടി. ഡിജിറ്റല്‍ പണമിടപാടിെന്റ വളര്‍ച്ചയാണ് ഇതു കാണിക്കുന്നത്. ഡിജിറ്റല്‍ പണമിടപാട് ഗ്രാമങ്ങളിലേക്കും അതിവേഗം വ്യാപിക്കുന്നുണ്ട്. ഈ സാധ്യതയാണ് ബഹുരാഷ്ട്ര കമ്ബനികള്‍ പ്രയോജനപ്പെടുത്തുന്നത്.
ഇപ്പോള്‍ തന്നെ ഗൂഗ്ള്‍ പേ, ഫോണ്‍ പേ എന്നിവയിലൂടെ നടക്കുന്ന യു.പി.ഐ ഇടപാടുകള്‍ ശരാശരി 40 ശതമാനം വീതം കവിഞ്ഞു. മൊബൈല്‍ വഴിയുള്ള പണമിടപാടിെന്റ 30 ശതമാനത്തില്‍ കൂടുതല്‍ പിടിച്ചടക്കാന്‍ ഒരു സ്ഥാപനത്തെയും അനുവദിക്കാതിരിക്കാന്‍ നിയന്ത്രണ വഴി തേടുകയാണ് വൈകിയ വേളയില്‍ കേന്ദ്രസര്‍ക്കാര്‍.
യു.പി.ഐ ഇടപാടിന്റെ 30 ശതമാനത്തില്‍ കൂടുതല്‍ ഒരു സ്ഥാപനത്തിനും അനുവദിക്കില്ലെന്നാണ് എന്‍.പി.സി.ഐ ജനുവരി ഒന്നു മുതല്‍ കൊണ്ടുവരുന്ന വ്യവസ്ഥ. എന്നാല്‍ ഇത് കണക്കാക്കാനും നിയന്ത്രിക്കാനും പരിമിതികളുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.