വയനാട്ടിലെ ഗോത്ര വിഭാഗങ്ങളുടെ സമഗ്ര ആരോഗ്യം ലക്ഷ്യമാക്കിയുള്ള “ആരോഗ്യം നമുക്കായി” എന്ന ബോധവൽക്കരണ പരിപാടിക്ക് കൽപ്പറ്റയിൽ തുടക്കം കുറിച്ചു. ജില്ലാ ഭരണകൂടം, പട്ടികവർഗ വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, യുണിസെഫ്, ‘എൻ ഊരു’ ചാരിറ്റബിൾ സൊസൈറ്റി തുടങ്ങിയ വിഭാഗങ്ങളുടെ സഹകരണത്തോട് കൂടെയാണ് “ആരോഗ്യം നമുക്കായി” എന്ന ബോധവൽക്കരണ പരിപാടിക്ക് തുടക്കം കുറിച്ചത്. വയനാട് ജില്ലാ കളക്ടർ ഡോ.രേണു രാജ് ഐഎഎസ് അധ്യക്ഷത അലങ്കരിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മാനന്തവാടി സബ് ക്ളക്ടർ മിസാൽ സാഗർ ഭേത് ഐഎഎസ് തുടങ്ങിയവർ പങ്കെടുത്തു.
“ആരോഗ്യം നമുക്കായി” എന്നതിലൂടെ കൃത്യമായ പ്രാഥമിക ആരോഗ്യ പരിപാലനത്തെക്കുറിച്ചും പോഷകാഹാര പ്രാധാന്യത്തെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും വ്യക്തമായ ധാരണ നൽകുന്ന 8 അവബോധ വിഡിയോകൾ ആണ് നിർമ്മിച്ചത്. സിക്കിൽ സെൽ അനീമിയ, ഗർഭ കാലത്തെ പരിചരണം, നവജാത ശിശുക്കളുടെ പരിചരണം, ശരിയായ മുലയൂട്ടൽ, പോഷണം, ആർത്തവ കാലത്തെ ശുചിത്വം, തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് വിഡിയോകൾ നിർമിച്ചത്. അഡ്വെർടൈസിങ് ഏജൻസി ആയ ടെൻപോയിന്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് “ആരോഗ്യം നമുക്കായി” എന്ന ഈ ക്യാമ്പയിന് ആവശ്യമായ പ്രൊമോഷണൽ മെറ്റീരിയലുകൾ തയ്യാറാക്കിയത്.
മാത്രവുമല്ല വ്യക്തമായ അറിവുകൾ നല്കുന്നതിനായി അവരുടെ പ്രാദേശിക ഭാഷകളായ അടിയ , പണിയ , കാട്ടുനായ്ക്ക , ഊരാളി എന്നീ ഗോത്ര ഭാഷകളിലാണ് വിഡിയോകൾ തയ്യാറാക്കിയത്. വീഡിയോകളിൽ സംഭാഷണം നൽകിയതും ഗോത്ര വിഭാഗത്തിൽപെട്ട ആളുകൾ തന്നെയായിരുന്നു.