കൊച്ചി: എസ്ബിഐയുടെ ഇന്‍റര്‍നെറ്റ് ബാങ്കിങിലൂടേയും യോനോ ആപ്പിലൂടേയും മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിലെ ഓണ്‍ലൈന്‍ വായ്പ സൗകര്യം ലഭ്യമാക്കി. ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് 100 ശതമാനം കടലാസ് രഹിതമായി ഏതു സമയത്തും ഡിജിറ്റലായി ഈ വായ്പകള്‍ നേടാനാവും. കാംസില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ അസറ്റ് മാനേജുമെന്‍റ് കമ്ബനികളുടേയും മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകളുടെ അടിസ്ഥാനത്തില്‍ ആകര്‍ഷകമായ പലിശ നിരക്കില്‍ പുതിയ വായ്പ സൗകര്യം പ്രയോജനപ്പെടുത്താം.
മുന്‍പ് ശാഖകള്‍ സന്ദര്‍ശിച്ചും എസ്ബിഐ മ്യൂച്വല്‍ ഫണ്ടുകളുടെ ഈടിന്‍മേലും മാത്രം വായ്പ ലഭിച്ചിരുന്ന സ്ഥിതിയാണ് ഇതോടെ മാറുന്നത്. അടിയന്തര ആവശ്യങ്ങള്‍ വരുമ്ബോള്‍ മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ റിഡീം ചെയ്യുന്ന സ്ഥിതി ഒഴിവാക്കാന്‍ കഴിയും. പുതിയ സൗകര്യങ്ങള്‍ സഹായിക്കുമെന്നും അത്യൂധുനിക സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ ബാങ്കിങ് അനുഭവങ്ങള്‍ ലഭ്യമാക്കാന്‍ എസ്ബിഐ സ്ഥിരമായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖാര പറഞ്ഞു.
പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ മ്യൂച്വല്‍ ഫണ്ട് സ്കീമുകളുടെ അടിസ്ഥാനത്തില്‍ സമ്ബൂര്‍ണ ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്ന ആദ്യ പൊതുമേഖലാ ബാങ്കായി എസ്ബിഐ മാറിയിരിക്കുകയാണ്. എസ്ബിഐയുടെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ ആയ യോനോ വഴി ഒട്ടുമിക്ക ബാങ്കിംഗ് സേവനങ്ങളും ഉപഭോക്താക്കൾക്ക് മൊബൈൽ ഫോൺ ഉപയോഗിച്ച് തന്നെ ഇപ്പോൾ ലഭ്യമാകുന്നുണ്ട്.