ഓണ്‍ലൈനായി വ്യാജ ജോലി വാഗ്ദാനം നല്‍കി തട്ടിപ്പു നടത്തുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് ഏറിവരികയാണെന്ന് പൊലീസ് അറിയിച്ചു. കൊവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ തൊഴില്‍രഹിതരായവരെ ചൂഷണം ചെയ്യാനാണ് ശ്രമം. തട്ടിപ്പിന്റെ രീതികള്‍ പലതാണ്. ഇവയെക്കുറിച്ചു വ്യക്തമായ ധാരണയും ജാഗ്രതയുമുണ്ടെങ്കില്‍ കെണിയില്‍പ്പെടാതെ രക്ഷപ്പെടാം. ആകര്‍ഷകമായ തൊഴില്‍ ഓഫറുകള്‍ മുന്നോട്ടുവയ്ക്കുകയും അപേക്ഷിക്കുന്നതിന് ചില ഫീസുകളും ചാര്‍ജുകളും ആവശ്യപ്പെട്ട് ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കാനോ കൈമാറാനോ ആവശ്യപ്പെടുന്നതാണ് പൊതുവായിന്ന് കാണുന്ന തട്ടിപ്പ് രീതി. ഇത്തരം തട്ടിപ്പുകളെ എങ്ങനെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍.
മിക്കവാറും വ്യാജ ജോലി ഓഫര്‍ ചെയ്യുന്നവര്‍ ഇരകളെ സമീപിക്കുന്നത് ഫോണ്‍ വഴിയോ ഇമെയില്‍ മുഖേനയോ ആകും. പ്രമുഖ കമ്പനികളുടെ വ്യാജ ലെറ്റര്‍ഹെഡിലാകും ഓഫര്‍ വരുക.പ്രമുഖ ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലുകള്‍ വഴി നിങ്ങളുടെ റെസ്യൂമേ കണ്ടിട്ടാണ് അവര്‍ സമീപിക്കുന്നതെന്ന് അവകാശപ്പെടും.
പ്രസ്തുത റെസ്യൂമേ പ്രകാരം നിങ്ങള്‍ക്ക് ഒരു ഉഗ്രന്‍ ജോലി ഓഫര്‍ ചെയ്യുകയും അതിന് മുന്നോടിയായി ഇന്റര്‍വ്യൂ ചെയ്യണം എന്നുമാണ് അടുത്ത ഘട്ടം.സാധാരണനിലയില്‍ ഉള്ളതിനേക്കാളും കൂടുതല്‍ തുക ശമ്പളമായി അവര്‍ ഓഫര്‍ ചെയ്യും.
പ്രൊഫെഷണല്‍ കമ്പനിക്കാര്‍ അവരുടെ വെബ്സൈറ്റ് വഴിയും മറ്റും കൃത്യമായ രീതിയില്‍ ജോബ് ഓഫര്‍ ലെറ്റര്‍ അയക്കുമ്പോള്‍ തട്ടിപ്പുകാര്‍ ഏതെങ്കിലും ജനറല്‍ മെയില്‍ അക്കൗണ്ട് വഴി ആയിരിക്കും ജോബ് ഓഫര്‍ ലെറ്ററുകള്‍ അയക്കുക.
ഇത്തരം ഓഫര്‍ ലെറ്ററുകളുടെ ഘടനയും പ്രൊഫെഷണല്‍ ആയിരിക്കില്ല. നിറയെ സ്‌പെല്ലിംഗ് / ഗ്രാമര്‍ / മിസ്റ്റേക്കുകളും ഓഫര്‍ ലെറ്ററില്‍ കാണുന്നതാണ്. ഇതില്‍ നിന്നുതന്നെ വ്യാജന്മാരെ തിരിച്ചറിയാന്‍ സാധിക്കും.
സ്‌കൈപ്പ് തുടങ്ങിയ വീഡിയോ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുകയാണ് ഇവരുടെ മറ്റൊരു രീതി. ലളിതമായി പേരിനൊരു ഇന്റര്‍വ്യൂ നടത്തിയ ശേഷം ഒറ്റയടിക്ക് തന്നെ ജോലി ഉറപ്പ് നല്‍കുന്നു.
ഇവര്‍ അയച്ചുതരുന്ന മെയിലില്‍ കമ്പനിയുടെ വിവരങ്ങളോ ഫോണ്‍ നമ്പറോ തുടങ്ങിയവ ഉണ്ടാവാറില്ല. കമ്പനിയുടെ സെര്‍വര്‍ ഡൌണ്‍ ആണെന്നോ സ്പാം കാരണം സെര്‍വര്‍ തകരാറില്‍ ആണെന്നോ കമ്പനി തങ്ങളുടെ ഇമെയില്‍ സിസ്റ്റം റെഡിയാക്കി വരുന്നതേ ഉള്ളൂ എന്നൊക്കെയുള്ള മുടന്തന്‍ ന്യായങ്ങളാകും അന്വേഷിക്കുമ്പോള്‍ മറുപടി തരുക.
പ്രധാനമായും വര്‍ക്ക് ഫ്രം ഹോം ഓഫറുകളും ഏറ്റവും കുറഞ്ഞ മണിക്കൂറുകള്‍ മാത്രമുള്ള ജോലികളുമാണ് ഓഫര്‍ ചെയ്യുന്നത്. അതും ശ്രദ്ധിക്കുക.
ഇത്തരം തട്ടിപ്പ് കമ്പനികളുടെ വിശദാംശങ്ങള്‍ ഗൂഗിളിലോ മറ്റോ സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ നമുക്ക് ഏകദേശം സത്യാവസ്ഥ ലഭ്യമാകുന്നു.
കൃത്യമായ വാര്‍ത്തകളും ദൈനംദിന സോഷ്യല്‍ മീഡിയ അപ്ഡേറ്റുകളും ശ്രദ്ധിച്ചാല്‍ ഇത്തരം തട്ടിപ്പുകാരുടെ രീതികള്‍ നമുക്ക് മനസിലാക്കാന്‍ സാധിക്കും.