വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിന്റെ വേദനയിലാണ് കേരളം. ദുരന്തഭൂമിയിൽ രാപ്പകൽ വ്യത്യാസമില്ലാതെ നിരവധിപ്പേരാണ് രക്ഷാപ്രവർത്തനത്തിൽ സജീവമായുള്ളത്. അവർക്കെല്ലാം കേരളത്തിൻ്റെയാകെ പിന്തുണയുമുണ്ട്. ദുരന്തഭൂമിയിൽ അഹോരാത്രം പ്രയത്നിക്കുന്ന ഇന്ത്യൻ സൈന്യത്തിന് അഭിനന്ദനം അറിയിച്ച് കോഴിക്കോട് വെള്ളായിക്കോട് എഎംഎൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ റയാനെഴുതിയ കത്ത് സാമൂഹികമാധ്യമങ്ങളിലടക്കം വൈറലായിരുന്നു. ഇപ്പോൾ റയാൻ്റെ സ്നേഹത്തിന് നന്ദി അറിയിച്ചിരിക്കുകയാണ് ഇന്ത്യൻ സൈന്യം.
റയാൻ്റെ വാക്കുകൾ തങ്ങളെ ആഴത്തിൽ സ്പർശിച്ചെന്നും പ്രതികൂലസമയങ്ങളിൽ പ്രതീക്ഷയുടെ പ്രകാശമാകുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും റയാൻ്റെ കത്ത് പങ്കുവെച്ചുകൊണ്ട് ഇന്ത്യൻ ആർമി സതേൺ കമാൻഡ് എക്‌സിൽ കുറിച്ചു. കത്ത് ആ ദൗത്യത്തിന് കൂടുതൽ ശക്തിപകരുന്നുവെന്നും അവർ കുറിച്ചു. ”നിങ്ങൾ യൂണിഫോം ധരിച്ച് ഞങ്ങളോടൊപ്പം നിൽക്കുന്ന ദിവസത്തിനായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു. നമ്മൾ ഒരുമിച്ച് നമ്മുടെ രാജ്യത്തിൻ്റെ അഭിമാനം ഉയർത്തും. യുവ പോരാളി, നിങ്ങളുടെ ധൈര്യത്തിനും പ്രചോദനത്തിനും നന്ദി. ആയിരം നന്ദി”, അവർ കൂട്ടിച്ചേർത്തു.