വയനാട് ചൂരൽമല മുണ്ടക്കൈ പ്രദേശങ്ങളിൽ നടന്ന പ്രകൃതിദുരന്തത്തിലെ അതിജീവിതരായ കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും കുട്ടികളെ ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കുന്നതിനും ആയി വനിതാ ശിശു വികസന വകുപ്പിന് കീഴിലെ വയനാട് ജില്ല ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ കുട്ടിയിടം ആരംഭിച്ചു.
പ്രകൃതി ദുരന്തങ്ങളിൽ സർവ്വവും നഷ്ടപ്പെട്ട് ഇനിയെന്ത് എന്ന ചിന്തയിൽ ഇരിക്കുന്ന മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഒപ്പം അന്വേഷണവുമായി വരുന്ന പൊതുജനങ്ങളുടെ തിരക്കുകൾക്കിടയിൽ പലപ്പോഴും ഒറ്റപ്പെട്ടു പോകുന്നത് കുട്ടികളാണ്. സംഭവവുമായി ബന്ധപ്പെട്ട ആവർത്തിച്ചുള്ള ചോദ്യങ്ങളും കാഴ്ചകളും അവരെ കൂടുതൽ തളർത്തിയേക്കാം.
പേടിപ്പെടുത്തുന്ന രാത്രിയുടെ ഓർമ്മകളിൽ നിന്നും ജനത്തിരക്കിൽ നിന്നും മാറി കുട്ടികൾക്ക് വിവിധ കളികൾ ചിത്രരചന കളറിംഗ് തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടാനുള്ള അവസരം ഒരുക്കുകയാണ് കുട്ടിയിടം.
നിലവിൽ 12 ക്യാമ്പുകളിൽ കുട്ടിയിടം ആരംഭിച്ചു. പൊതുജനങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹകരണം കുട്ടിയിടം ഒരുക്കുന്നതിന് സഹായകരമായി . കൂടാതെ കുട്ടികളുടെ മാനസിക സംഘർഷം കുറക്കുന്നതിനായുള്ള വിവിധ പരിപാടികളും കുട്ടിയിടത്തിൽ സംഘടിപ്പിക്കുന്നുണ്ട്.