ബെംഗളൂരു: ഷിരൂരിൽ പുഴയിൽ അടിഞ്ഞ മണ്ണ് നീക്കാൻ ഡ്രഡ്ജർ കൊണ്ടുവരുന്നതിൽ അനിശ്ചിതത്വം. ഒരു കോടിയോളം മുടക്കി ഗോവയിൽ നിന്ന് യന്ത്രം എത്തിക്കണോ എന്നതിൽ തീരുമാനമായില്ല. മണ്ണ് നീക്കിയാലും കാണാതായവരുടെ ശരീരം കിട്ടിമെന്നുറപ്പില്ലാതിരിക്കെ, ലോറി ഉടമക്ക് ഇൻഷുറൻസ് കിട്ടാൻ സർക്കാർ വൻതുക മുടക്കണോ എന്നതിലാണ് ഇപ്പോൾ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിന്‍റെ ആശയക്കുഴപ്പം. ഷിരൂര്‍ രക്ഷാദൗത്യത്തിന്‍റെ തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനായി ഇന്ന് രാവിലെ ഉന്നതതല യോഗം നടക്കും.
ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തം നടന്നിട്ട് ഒരു മാസം പിന്നിടുമ്പോഴും കാണാതായ മൂന്നുപേരെ കണ്ടെത്താനായിട്ടില്ല. മലയാളി ലോറി ഡ്രൈവർ അർജുൻ, ഷിരൂരുകാരായ ജഗന്നാഥ്, ലോകേഷ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഗംഗാവലി പുഴയിലേക്ക് വീണവരുടെ ശരീരങ്ങൾ എട്ടും പത്തും കിലോമീറ്ററുകൾ അകലെ തീരത്തടിഞ്ഞിരുന്നു. എന്നാല്‍, ബാക്കിയുള്ളവർക്കായി, ഒപ്പം അർജുന്റെ ലോറിക്കായി ഇപ്പോഴും രക്ഷാദൗത്യം തുടരുകയാണ്.
ഇന്നലെയോടെ പുഴയിലിറങ്ങിയുള്ള തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. ഡ്രഡ്ജര്‍ എത്തിച്ചശേഷം മതി തെരച്ചിലെന്നായിരുന്നു ഇന്നത്തെ തീരുമാനം. ഡ്രസ്ജർ എത്താൻ ഇനി അഞ്ച് ദിവസം എടുക്കുമെന്ന് കാർവാർ എം എൽ എ സതീശ് സെയിൽ വ്യക്തമാക്കിയിരുന്നു. വൃഷ്ടിപ്രദേശത്തിലെ മഴ കാരണം ഗംഗാവലി പുഴയിലെ ഒഴുക്ക് വർധിക്കാനും തുടങ്ങിയിട്ടുണ്ട്. പുഴയിലെ വെള്ളം കലങ്ങിയ നിലയിലായി. ഇതോടെ പുഴയ്ക്ക് അടിയിൽ കാഴ്ച ഇല്ലാത്തതിനാൽ മുങ്ങിയുള്ള തെരച്ചിൽ ബുദ്ധിമുട്ടാണെന്ന് ഈശ്വർ മൽപെയും വ്യക്തമാക്കി.