ബെംഗളുരുവിലെ കെങ്കേരിയില്‍ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. സുഹൃത്തായ യുവതിക്കൊപ്പം ഉറങ്ങുകയായിരുന്ന നവ്യശ്രീ (28) ആണ് കൊല്ലപ്പെട്ടത്. രാവിലെ കിടക്കയിലെ രക്തത്തിന്‍റെ നനവ് കണ്ടാണ് തൊട്ടടുത്ത് കിടന്നുറങ്ങിയിരുന്ന സുഹൃത്തായ പെണ്‍കുട്ടി വിവരമറിഞ്ഞത്. ബെംഗളുരു സ്വദേശിയാണ് കൊല്ലപ്പെട്ട നവ്യശ്രീ.
ഭർത്താവിനെ പേടിച്ചാണ് നവ്യ സുഹൃത്തിന്റെ വീട്ടിലെത്തിയത്. സംഭവത്തില്‍ ഭർത്താവ് കിരണ്‍ (31) അറസ്റ്റിലായി. ഇയാള്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ്. അർദ്ധരാത്രി നവ്യശ്രീയെ വാ പൊത്തിപ്പിടിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.
നവ്യശ്രീയും കിരണും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകുമായിരുന്നു. തന്നെ കിരണ്‍ ഉപദ്രവിക്കുമെന്ന് ഭയമുണ്ടെന്ന് കുടുംബത്തോടും സുഹൃത്തുക്കളോടും നവ്യശ്രീ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് സുഹൃത്തായ ഐശ്വര്യയുടെ വീട്ടില്‍ എത്തിയത്. ഇരുവരും സംസാരിച്ച ശേഷം രാത്രി കിടന്നുറങ്ങി രാവിലെ ദേഹത്ത് നനവ് തട്ടി എഴുന്നേറ്റ ഐശ്വര്യ കണ്ടത് കിടക്ക മുഴുവൻ രക്തം. ഐശ്വര്യ ഭയന്ന് നിലവിളിച്ച് അയല്‍ക്കാരെയും പിന്നീട് പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. താൻ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി കിരണ്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ശിവമോഗ ജില്ലയിലെ ഭദ്രാവതി സ്വദേശിയായ നവ്യശ്രീയും ഐശ്വര്യയും ബാല്യകാല സുഹൃത്തുക്കളായിരുന്നു. വീട്ടുകാരില്‍ നിന്ന് കടുത്ത എതിർപ്പ് അവഗണിച്ചാണ് കിരണും നവ്യശ്രീയും വിവാഹം കഴിച്ചത്. കഴിഞ്ഞ ഒരു വർഷമായി ദമ്ബതികള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. കൊറിയോഗ്രാഫറായ നവ്യശ്രീക്ക് സമൂഹത്തില്‍ നിന്ന് ബഹുമാനം ലഭിക്കുന്നതും ഇയാളെ അസ്വസ്ഥനാക്കി. നവശ്രീയുടെ വിശ്വസ്തതയെ സംശയിക്കുകയും പലപ്പോഴും അവളുമായി വഴക്കിടുകയും ചെയ്തു. കിരണ്‍ നവ്യശ്രീയുടെ മൊബൈല്‍ ഫോണ്‍ പതിവായി പരിശോധിക്കുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കിരണിന്റെ ശല്യം സഹിക്ക വയ്യാതെയാണ് ഒടുവില്‍ ഐശ്വര്യയുടെ വീട്ടിലെത്തിയത്.