CNBC-TV18-ൻ്റെ റിപ്പോർട്ട് അനുസരിച്ച്, ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സില്‍, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകള്‍ വഴി 2,000 രൂപ വരെയുള്ള ചെറിയ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പേയ്‌മെൻ്റ് അഗ്രഗേറ്ററുകളില്‍ (പിഎ) 18% ജിഎസ്ടി ചുമത്തുന്നത് പരിഗണിക്കാൻ സാധ്യത. കേന്ദ്ര-സംസ്ഥാനങ്ങളില്‍ നിന്നുള്ള റവന്യൂ ഉദ്യോഗസ്ഥർ ഉള്‍പ്പെടുന്ന ജിഎസ്‌ടി ഫിറ്റ്‌മെൻ്റ് കമ്മിറ്റി ഇടപാടുകാരില്‍ നിന്ന് ഓണ്‍ലൈൻ പേയ്‌മെൻ്റുകള്‍ സ്വീകരിക്കാൻ ബിസിനസ്സുകളെ പ്രാപ്‌തമാക്കുന്ന പേയ്‌മെൻ്റ് അഗ്രഗേറ്ററുകൾ ബാങ്കുകളില്‍ നിന്ന് വ്യത്യസ്തമായി കാർഡ് ഇടപാടുകള്‍ക്ക് ഇടനിലക്കാരായി പ്രവർത്തിക്കുന്നു എന്ന് വിശ്വസിക്കുന്നതിനാല്‍ ഉടൻ തന്നെ ഇത്തരം ഇടപാടുകൾ ജിഎസ്ടിക്ക് വിധേയമാകാൻ സാധ്യത കൂടുതലാണ്.
ജിഎസ്ടി കൗണ്‍സില്‍ തീരുമാനവുമായി മുന്നോട്ടുപോകുകയാണെങ്കില്‍, കുറഞ്ഞ മൂല്യമുള്ള ഇടപാടുകളുടെ ബള്‍ക്ക് കൈകാര്യം ചെയ്യുന്ന ചെറുകിട ബിസിനസുകളെ പ്രതികൂലമായി ബാധിച്ചേക്കാം. കാരണം, പേയ്‌മെൻ്റ് ഗേറ്റ്‌വേകള്‍ വ്യാപാരികള്‍ക്കും ചെറുകിട ബിസിനസ്സ് ഉടമകള്‍ക്കും ഭാരം കൈമാറാൻ സാധ്യതയുണ്ട്. നിലവില്‍, പേയ്‌മെൻ്റ് അഗ്രഗേറ്റർമാർ വ്യാപാരികളില്‍ നിന്ന് ഓരോ ഇടപാടിനും 0.5% മുതല്‍ 2% വരെ ഫീസ് ഈടാക്കുന്നു. എന്നാല്‍ ജിഎസ്ടി ഏർപ്പെടുത്തിയാല്‍, അവർ ഈ അധിക ചെലവ് വ്യാപാരികളിലേക്ക് മാറ്റാൻ സാധ്യതയുണ്ട്.
നിലവില്‍, ക്യുആർ കോഡുകള്‍, പിഒഎസ് മെഷീനുകള്‍, നെറ്റ് ബാങ്കിംഗ് തുടങ്ങിയ വിവിധ ഡിജിറ്റല്‍ പേയ്‌മെൻ്റുകള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ പേയ്‌മെൻ്റ് അഗ്രഗേറ്റർമാരെ 2,000 രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്ക് ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.2016ല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം 2000 രൂപയില്‍ താഴെയുള്ള ഇടപാടുകളുടെ സേവന നികുതി ഒഴിവാക്കിയിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്.