ചൂടിൽനിന്ന് തണുപ്പിലേക്ക് കടന്നതോടെ യുഎഇയിൽ പകർച്ചപ്പനി (ഇൻഫ്ലുവൻസ) ബാധിതരുടെ എണ്ണം കൂടുന്നു. പനി, ജലദോഷം, ചുമ, തുമ്മൽ, മൂക്കൊലിപ്പ്, ചെവിവേദന തുടങ്ങിയ രോഗലക്ഷണങ്ങളുമായി ഒട്ടേറെ പേരാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ദിവസേന എത്തുന്നത്. രോഗബാധ കൂടുതലായി കണ്ടുവരുന്നത് കുട്ടികളിലും പ്രായമായവരിലുമാണ്. അതിനാൽ എല്ലാവരും പകർച്ചപ്പനിക്കെതിരെ വാക്സിൻ എടുക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിച്ചു. ശൈത്യകാലത്ത് പൊതുവേ കണ്ടുവരുന്ന രോഗമാണ് ഇൻഫ്ലുവൻസ. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി, ജലദോഷം, തുമ്മൽ, തലവേദന, തലകറക്കം, വിശപ്പില്ലായ്മ, കഫക്കെട്ട്, വയറുവേദന, ഛർദ്ദി, ക്ഷീണം തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. പകർച്ചപ്പനി ചികിത്സിച്ചു മാറ്റാവുന്നതാണ്. കുട്ടികൾക്ക് രോഗം പിടിപെട്ടാൽ 48 മണിക്കൂറിനകം ഡോക്ടറെ കാണിക്കണം, കൂടാതെ, ആസ്മ ഉൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങൾ ഉള്ളവരും ഡോക്ടറുടെ സഹായം തേടണം.

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി
ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.