വെള്ളമുണ്ട: വയനാട് ജില്ലയിലെ നാഷണൽ സർവീസ് സ്കീം വൊളണ്ടിയർമാർക്ക് അഭിമാനവും പ്രചോദനവുമായി പ്രവർത്തിച്ചുവരികയാണ് വെള്ളമുണ്ട ഗവ.മോഡൽ എച്ച് .എസ് .എസിലെ രണ്ടാം വർഷ കൊമേഴ്സ് വിദ്യാർത്ഥിയും എൻ എസ് എസ് യൂണിറ്റ് അംഗവുമായ മുഹമ്മദ് സിദാൻ.സി.എച്ച്. മക്കിയാടിൽ പ്രവർത്തിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ നവംബർ 21 മുതൽ 30 വരെയുള്ള പത്ത് ദിവസത്തെ സേവനം പൂർത്തിയാക്കി വീണ്ടും പത്തു ദിവസത്തെ രണ്ടാംഘട്ട സേവനത്തിനുള്ള ഒരുക്കത്തിന്റെ ഇടവേളയിലാണ് ഈ മിടുക്കൻ ഇപ്പോൾ . തികച്ചും വ്യത്യസ്തമായ അനുഭവമാണെങ്കിലും ഒട്ടും പേടിയില്ലാതെയാണ് പി.പി.ഇ കിറ്റിലേക്കും കോവിഡ് വാർഡിലേക്കും കയറിയതെന്ന് ഈ വൊളണ്ടിയർഗ്രൂപ്പ് ലീഡറുടെ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.
മാതാപിതാക്കൾ അനിയത്തി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ രാജേഷ് കെ ആർ , യൂനിറ്റംഗങ്ങൾ എന്നിവർ മാനസിക പിന്തുണയുമായി സിദാനൊപ്പം തന്നെയുണ്ട്.ടിപ്പർ ലോറിഡ്രൈവറായ മക്കിയാട് ചെരുവിള വീട്ടിൽ ബഷീർ-റഷീദ ദമ്പതികളുടെ മകനായ സിദാന് ജസ്ന ഷെറിൻ എന്ന ഒരനിയത്തി കൂടി ഉണ്ട്.