2025ല്‍ പല മേഖലകളിലും വമ്ബൻ മാറ്റങ്ങളാണ് വരാൻ പോകുന്നത്.
ഇതില്‍ ചിലത് സാധാരണക്കാർക്ക് ഇരുട്ടടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഒഴിച്ചുകൂടാൻ പറ്റാത്ത പല സാധനങ്ങള്‍ക്കും വില കുത്തനെ ഉയരാൻ പോകുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
പുതിയ ജിഎസ്‌ടി നിരക്കുകള്‍ മുതല്‍ വിസ നിയമങ്ങളും മൊബൈല്‍ ഡാറ്റ നിരക്കുകളിലെ മാറ്റങ്ങളുമൊക്കെ 2025 ജനുവരി ഒന്ന് മുതല്‍ നിങ്ങളുടെ കുടുംബ ബഡ്ജറ്റിനെയും ബാധിച്ചേക്കും. അടുത്ത വർഷത്തെ പ്രധാനപ്പെട്ട മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
പാചക വാതക വില
എണ്ണ വിപണന കമ്ബനികള്‍ എല്ലാ മാസവും ഒന്നാം തീയതിയാണ് പാചക വാതക വിലയില്‍ മാറ്റം വരുത്താറ്. ഗാർഹിക സിലിണ്ടറുകളുടെ (14.2 കിലോ) വില മാസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്. നിലവില്‍ ഡല്‍ഹിയില്‍ സിലിണ്ടറിന് 803 രൂപയാണ്. അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വില തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗാർഹിക പാചക വാതക നിരക്കില്‍ നിരക്കിലും ഉടൻ മാറ്റമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
കാർ വില കൂടും
കേരളത്തെ സംബന്ധിച്ച് കാർ ഇല്ലാത്ത വീട് വളരെ ചുരുക്കമാണ്. ഒന്നിലധികം കാറുകളുള്ള നിരവധി വീടുകള്‍ ഇവിടെയുണ്ട്. എന്നാല്‍ കാർ പ്രേമികളെ സംബന്ധിച്ച് അല്‍പം നിരാശയുള്ള വാർത്തകളാണ് വരുന്നത്.
2025 ജനുവരി ഒന്നു മുതല്‍ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായ്, മഹീന്ദ്ര, ഹോണ്ട, കിയ തുടങ്ങിയ പ്രമുഖ വാഹന നിർമ്മാതാക്കളും ആഡംബര ബ്രാൻഡുകളായ മെഴ്സീഡിയസ് ബെൻസ്, ഔഡി, ബി എം ഡബ്ല്യൂ എന്നിവയും രണ്ട് മുതല്‍ നാല് ശതമാനം വരെ വില വർദ്ധിപ്പിക്കും. ഉയർന്ന ഉല്‍പ്പാദനച്ചെലവ്, വർദ്ധിച്ച കൂലി അടക്കമുള്ള ഘടകങ്ങളാണ് വില വർദ്ധനയ്ക്ക് കാരണമെന്നാണ് നിർമാതാക്കാള്‍ പറയുന്നത്. കാർ വാങ്ങാൻ പദ്ധതിയുണ്ടെങ്കില്‍ വരും വർഷങ്ങളില്‍ കൂടുതല്‍ മുതല്‍ മുടക്കേണ്ടിവരുമെന്ന് ചുരുക്കം.
റീച്ചാർജിന് ചെലവേറും
ജിയോ, എയർടെല്‍, വോഡഫോണ്‍, ബി എസ് എൻ എല്‍ തുടങ്ങിയ ടെലികോം ഭീമന്മാർ ഉടൻ തന്നെ ഡാറ്റാ ചാർജ് പ്ലാനുകള്‍ കൂട്ടിയേക്കും. പുതിയ നിരക്കുകള്‍ ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരും. ടെലികമ്മ്യൂണിക്കേഷൻസ് (റൈറ്റ് ഓഫ് വേ) റൂള്‍സ് 2024 സെപ്തംബർ 19നാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് അവതരിപ്പിച്ചത്.
ഫിക്സഡ് ഡെപ്പോസിറ്റ് റൂള്‍സ്
നോണ്‍ ബാങ്കിംഗ് ഫിനാൻഷ്യല്‍ കമ്ബനികളിലെയും (NBFC), ഹൗസിംഗ് ഫിനാൻസ് കമ്ബനികളിലെയും (HFC) സ്ഥിര നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ 2025 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
ഈ വർഷം ആദ്യമാണ് പൊതു നിക്ഷേപങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ഇത്തരമൊരു നിർദേശം അവതരിപ്പിച്ചത്. പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ അടക്കം ഇതില്‍ ഉള്‍പ്പെടുന്നു.
പെൻഷൻ പിൻവലിക്കലില്‍ മാറ്റങ്ങള്‍
ഇത് പൊതുജനങ്ങളെ സംബന്ധിച്ച് ആശ്വാസകരമായ കാര്യമാണ്. 2025 ജനുവരി ഒന്നുമുതല്‍ ലളിതമായ രീതിയില്‍ പെൻഷൻ പിൻവലിക്കാൻ സാധിക്കും. വെരിഫിക്കേഷന്റെ പേരില്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടാതെ തന്നെ പെൻഷൻകാർക്ക് രാജ്യത്തെ ഏത് ബാങ്ക് ശാഖയില്‍ നിന്നും പണം പിൻവലിക്കാൻ കഴിയും. പുതിയ കേന്ദ്രീകൃത പെൻഷൻ പേയ്‌മെന്റ് സംവിധാനം ഇപിഎഫ്‌ഒയുടെ 78 ലക്ഷത്തിലധികം ഇപിഎസ് പെൻഷൻകാർക്ക് പ്രയോജനം ചെയ്യുമെന്നാണ് വിവരം.
യു പി ഐ 123 പേ
യു പി ഐ 123 പേ പണമിടപാട് പരിധി വർദ്ധിപ്പിച്ചു. മുമ്ബ്, പരമാവധി ഇടപാട് പരിധി 5,000 രൂപയായിരുന്നു, എന്നാല്‍ 2025 ജനുവരി ഒന്നുമുതല്‍ പരിധി 10,000 രൂപയായി ഉയർത്തും.
വാട്‌സാപ്പ് ലഭിക്കില്ല
കിറ്റ്കാറ്റ് ഒഎസിലോ പഴയ പതിപ്പുകളിലോ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഉപകരണങ്ങളില്‍ വാട്സാപ്പ് ഉടൻ പ്രവർത്തനം നിർത്തും. ഈ മാറ്റം സാംസങ്, എല്‍ജി, സോണി, എച്ച്‌ടിസി, മോട്ടറോള തുടങ്ങിയ ബ്രാൻഡുകളില്‍ നിന്നുള്ള ജനപ്രിയ മോഡലുകളെ ബാധിക്കും. പ്രത്യേകിച്ച് 9 മുതല്‍ 10 വർഷം മുമ്ബ് പുറത്തിറങ്ങിയ ഫോണുകളെ.
തായ്‌ലൻഡ് ഇ വിസ സംവിധാനം
2025 ജനുവരി ഒന്നുമുതല്‍, ലോകമെമ്ബാടുമുള്ള സന്ദർശകർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി തായ്‌ലൻഡ് ഇ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയും. മുമ്ബ്, ഇ വിസ സംവിധാനം ചില പ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ.