കാവുമന്ദം: ഉന്നത തൊഴിൽ രംഗത്ത് എത്തി ജീവിത വിജയം നേടുന്നതിനു വേണ്ടി വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കു വേണ്ടി ‘ദിശ’ എന്ന പേരിൽ സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ശില്പശാല ഏറെ ഗുണപ്രദമായി. തരിയോട് ഗവ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പഠന സഹായ കൈപ്പുസ്തകം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് അനിമോൾ എം ജോണിനു നൽകി പ്രകാശനവും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വിജയൻ തോട്ടുങ്ങൽ അധ്യക്ഷത വഹിച്ചു. ശില്പശാലയിൽ വിദ്യാഭ്യാസ, തൊഴിൽ രംഗത്തെ നൂതന സാധ്യതകൾ സംബന്ധിച്ച് ദിശ ഹ്യൂമൻ റിസോഴ്സ് സെൻറർ ഡയറക്ടർ സാജിദ് മച്ചിങ്ങൽ ക്ലാസെടുത്തു. തരിയോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണപ്രദമായ ഈ പരിപാടി സംഘടിപ്പിച്ചത്.
പിടിഎ പ്രസിഡണ്ട് ബെന്നി അഗസ്റ്റിൻ, മുഹമ്മദ് ബഷീർ, സി കെ സാജിദ്, സജ്ന ഫൈസൽ, എ ജാഫർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് അനിമോൾ എം ജോൺ സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ ജിഷ എൻ ജി നന്ദിയും പറഞ്ഞു.