കാവുംമന്ദം: ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള തരിയോട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച വായനശാലയുടെ ഉദ്ഘാടന പരിപാടി ‘സാഹിതി 2025’ സാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ സാന്നിധ്യം കൊണ്ടും വ്യത്യസ്തമായ പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. പ്രമുഖ എഴുത്തുകാരനും കവിയുമായ കൽപ്പറ്റ നാരായണൻ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ ഡോ സോമൻ കടലൂർ എം ടി വാസുദേവൻ നായർ അനുസ്മരണം നടത്തി. സാഹിത്യകാരന്മാരെ ആദരിക്കൽ ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് നിർവഹിച്ചു.
ജില്ലയിലെ എഴുത്തുകാർ സംഗമിച്ച സാഹിത്യ സദസ്സ്, സാഹിത്യകാരന്മാരെയും മറ്റു പ്രതിഭകളെയും ആദരിക്കൽ, ജനകീയ പുസ്തക ശേഖരണം തുടങ്ങിയവയും കൈകൊട്ടിക്കളി, ചെമ്പട്ട് ബാന്റിന്റെ നാടൻപാട്ട് മേള എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. 70 വർഷത്തെ പാരമ്പര്യമുള്ള പഞ്ചായത്ത് വായനശാല വായനക്കാർ കുറഞ്ഞും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൊണ്ടും നാശത്തിന്റെ വക്കിൽ ആയിരുന്നു. അവിടെ നിന്നാണ് അതിനെ പുനരുജീവിപ്പിച്ച് പുതിയ കെട്ടിട സൗകര്യത്തിൽ പ്രവർത്തനസജ്ജമാക്കിയത്. ഉദ്ഘാടനത്തിന് മുന്നോടിയായി വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമുള്ള വിവിധ മത്സരങ്ങൾ, വാർഡ് തല ജനകീയ പുസ്തക ശേഖരണം, വിളംബര ജാഥ തുടങ്ങിയ പരിപാടികളും നടത്തിയിരുന്നു. സാഹിത്യ സദസ്സിൽ വിജയൻ ചെറുകര,
ഡോ പി എ ജലീൽ, ജിത്തു തമ്പുരാൻ, മേരിക്കുട്ടി വയനാട്, സത്താർ ബത്തേരി, മുസ്തഫ ദ്വാരക, ഷീന ഹരി, സിന്ധു ഷിബു, നിഖില മോഹൻ തുടങ്ങിയവർ പങ്കാളികളായി. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് സി കെ രവീന്ദ്രൻ മോഡറേറ്ററായി.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, സൂന നവീൻ, ബീന റോബിൻസൺ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വാർഡ്, രാധാ മണിയൻ, കെ ആർ സുനിൽകുമാർ, ഷാജി വട്ടത്തറ, കെ ടി വിനോദൻ, കെ എസ് സിദ്ദീഖ്, അബ്ദുറഹിമാൻ പി കെ, ടി വി ജോസ്, മുജീബ് പാറക്കണ്ടി, അബ്രഹാം കെ മാത്യു, എൻ സി ജോർജ് തുടങ്ങിയവർ സംസാരിച്ചു. സംഘാടകസമിതി കൺവീനർ കെ വി രാജേന്ദ്രൻ സ്വാഗതവും ലൈബ്രറിയൻ സി ടി നളിനാക്ഷൻ നന്ദിയും പറഞ്ഞു..