പുൽപ്പള്ളി: പുൽപ്പള്ളി താഴെഅങ്ങാടിയിൽ പ്രവർത്തിക്കുന്ന ബെവ്‌കോ ഔട്ട്‌ലെറ്റ്, ബസ് സർവീസ് കുറഞ്ഞ മുള്ളൻകൊല്ലി പഞ്ചായത്തിലെ ഗ്രാമത്തിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. സ്വകാര്യ വ്യക്തികളും, ബാർ ഉടമകളും ചേർന്നാണ് ഇതിനു പിന്നിൽ എന്നാണ് ആരോപണം.
പുൽപ്പള്ളി പഞ്ചായത്തിൽ നിന്നും മുള്ളൻകൊല്ലി പഞ്ചായത്തിലേക്ക് ഔട്ട്‌ലെറ്റ് മാറ്റാനുള്ള അധികൃതരുടെ ശ്രമം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ പുൽപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പുൽപ്പള്ളി ബെവ്‌കോ ഔട്ട്‌ലെറ്റിന് മുന്നിൽ നടന്ന ധർണ്ണയിൽ നിരവധി ആളുകൾ പങ്കെടുത്തു.
ധർണ്ണ ചെയർമാൻ പി.ആർ. മണി അധ്യക്ഷത വഹിച്ചു. കേരള ചുമട്ടു തൊഴിലാളി ഫെഡറേഷൻ വയനാട് ജില്ലാ സെക്രട്ടറി അനിൽ സി. കുമാർ, സി.ഐ.ടി.യു പ്രസിഡന്റ് ബൈജു നമ്പികൊല്ലി, ഐ.എൻ.ടി.യു.സി നേതാക്കളായ റിജു, കുഞ്ഞപ്പൻ, സി.ഐ.ടി.യു നേതാക്കളായ ഷിൽജു, മണി, എ.ഐ.ടി.സി നേതാക്കളായ രമേശ്, ശ്രീജേഷ്, എച്ച്.എം.എസ് നേതാവ് മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
ജനങ്ങളുടെ സൗകര്യവും, യാത്രാ പ്രശ്നങ്ങളും പരിഗണിക്കാതെ, സ്വാർത്ഥ താല്പര്യങ്ങൾക്കായി ഔട്ട്‌ലെറ്റ് മാറ്റാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.