വ്യാജരേഖകള്‍ ചമച്ച് കേരളത്തില്‍ ദീർഘകാലമായി തങ്ങിയ ബംഗ്ലാദേശ് ദമ്ബതിമാർ പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളായ ദശരഥ് ബാനർജി (38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരെയാണ് ഞാറക്കല്‍ പോലീസ് പിടികൂടിയത്.ഇതോടെ ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി എറണാകുളം റൂറല്‍ ജില്ലയില്‍ ഈ വർഷം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം 37 ആയി.
ബംഗ്ലാദേശികളായ ദശരഥ് ബാനർജിയും ഭാര്യയും അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച് പശ്ചിമബംഗാളില്‍നിന്ന് വ്യാജമായി ആധാർ കാർഡ്, വോട്ടർ ഐഡി കാർഡ്, ജനന സർട്ടിഫിക്കറ്റ് എന്നിവ സ്വന്തമാക്കിയ ശേഷം കേരളത്തിലേക്ക് എത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വ്യാജ രേഖകളുമായി കേരളത്തിലെത്തിയ ദമ്ബതിമാർ പറവൂർ വടക്കേ മേത്തറ ഭാഗത്ത് സ്ഥലംവാങ്ങി രജിസ്റ്റർ ചെയ്ത് താമസിക്കുകയായിരുന്നു. ‘ഓടശ്ശേരി വീട്’ എന്ന വീട്ടുപേരില്‍ ടിൻ ഷീറ്റ് കൊണ്ട് നിർമ്മിച്ച വീട്ടിലാണ് ഇവർ കഴിഞ്ഞിരുന്നത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടത്തുന്ന ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഇവരില്‍നിന്ന് കേരളത്തില്‍ നിന്നുള്ള ഡ്രൈവിങ് ലൈസൻസ്, വാഹനത്തിന്റെ ആർ.സി ബുക്കിന്റെ പകർപ്പ്, വാർഡ് മെമ്ബർ നല്‍കിയ സാക്ഷ്യപത്രം എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
റൂറല്‍ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ ഇൻസ്പെക്ടർ സുനില്‍ തോമസ്, എസ്.ഐ.മാരായ അഖില്‍ വിജയകുമാർ, ലാലൻ, ഹരിചന്ദ്, എ.എസ്.ഐ.മാരായ സ്വപ്ന, റെജി എ തങ്കപ്പൻ, എസ്.സി.പി.ഒ.മാരായ മിറാജ്, സുനില്‍ കുമാർ, സി.പി.ഒ.മാരായ ശ്രീകാന്ത്, ആന്റണി ഫ്രെഡി, ശ്യാംകുമാർ, ഐശ്വര്യ, എച്ച്.ജി. വേണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.