മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന എംമ്പുരാൻ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ട്രെയിലർ ലീക്ക് ആയതാണോ അതല്ല പ്ലാൻഡ് ആയി പുറത്തിറങ്ങിയതാണോ, സിനിമയിലെ വില്ലൻ ആര്… ഇങ്ങനെ പോകുന്നു സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയങ്ങൾ. ഇരുപതാം തീയതി ഉച്ചയ്ക്ക് പുറത്തിറങ്ങും എന്ന് പറഞ്ഞ ട്രെയിലർ അർദ്ധരാത്രിയിൽ തന്നെ പുറത്തിറങ്ങി. ഇതെഴുതുമ്പോൾ 68 ലക്ഷം ആളുകൾ കണ്ട ട്രെയിലർ അന്യഭാഷകളിലും ഇപ്പോൾ ചർച്ചാവിഷയമാണ്.
സിനിമയിലെ വില്ലൻ ആരാണെന്നുള്ള വിഷയത്തിലാണ് ട്രെയിലർ കണ്ട ശേഷം ഏറ്റവും അധികം ചർച്ചകൾ കൊഴുക്കുന്നത്. അതിന് കാരണം ട്രെയിലറിൽ ഉൾപ്പെട്ട ചില ഡയലോഗുകളും കഥാപാത്രങ്ങളുമാണ്. “ദൈവപുത്രൻ തന്നെ തെറ്റ് ചെയ്യുമ്പോൾ ചെകുത്താനല്ലാതെ മറ്റാർക്ക് തിരുത്താൻ കഴിയും” എന്ന ഡയലോഗ് ഡീകോഡ് ചെയ്യ്താണ് ടോവിനോ തോമസ് അവതരിപ്പിക്കുന്ന ജതിൻ രാംദാസ് എന്ന കഥാപാത്രത്തെ വില്ലനായി ചിത്രീകരിച്ച് ഒരു വിഭാഗം രംഗത്തെത്തുന്നത്. ട്രെയിലറിൽ മുഖം കാണിക്കാത്ത വില്ലന്റെ നിൽപ്പ് ഫഹദ് ഫാസിലിനെ പോലെ ആണെന്നും അതിനാൽ ഫഹദ് ഫാസിൽ വില്ലൻ ആകുമെന്നുമൊക്കെ വേറൊരു കൂട്ടർ പറയുന്നുണ്ട്. ഇനി പൃഥ്വിരാജ് തന്നെ വില്ലൻ ആയി വന്നാലും അതിശയിക്കേണ്ടതില്ല എന്നാണ് വേറൊരു പക്ഷം പറയുന്നത്. എന്തായാലും മലയാള സിനിമയിൽ ആദ്യമായിട്ടായിരിക്കും ഒരു ട്രെയിലറിനെ കേന്ദ്രീകരിച്ച് ഇത്രയധികം ചർച്ചകൾ നടക്കുന്നത്.
അന്യഭാഷ സിനിമകളിൽ മാത്രമാണ് ട്രെയിലർ പുറത്ത് വരുമ്പോൾ ഇത്രയധികം നെഞ്ചിടിപ്പ് ഉണ്ടായിട്ടുള്ളത്. ഒരു മലയാള സിനിമയിലും അങ്ങനെ ഒരു നെഞ്ചിടിപ്പ് തൊട്ടറിയാൻ സാധിച്ചത് ഇപ്പോഴാണ്. ഇതിൽ ഡോൺ മാക്സ് എന്ന എഡിറ്ററുടെ മിടുക്കിനെ പ്രശംസിക്കാതിരിക്കാൻ കഴിയുകയില്ല. സംവിധായകൻ എന്ന നിലയിലുള്ള പൃഥ്വിരാജിന്റെ കൈയടക്കം ട്രെയിലറിൽ പ്രകടനമാണ്. വളരെ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കുന്ന സംവിധായകനാണ് പൃഥ്വിരാജ് എന്നത് ലൂസിഫറിൽ തന്നെ തെളിയിച്ചതാണ്.
മലയാള സിനിമ ഗുരുതര പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സമയത്ത് എമ്പുരാന്റെ വിജയം മലയാള സിനിമാ ഇൻസ്ട്രിയ്ക്ക് അത്യാവശ്യമാണ്. മലയാളം ഇൻഡസ്ട്രിയുടെ മുഴുവൻ പ്രതീക്ഷയും എമ്പുരാൻ എന്ന സിനിമ ചുമലിലേറ്റേണ്ട നിലയാണ് കാര്യങ്ങൾ. പ്രേക്ഷകന് പലവിധത്തിൽ കാര്യങ്ങൾ ഊഹിക്കാനുള്ള സാധ്യതകൾ ട്രെയിലർ തുറന്നിടുന്നുണ്ട്. എന്തായാലും 27 രാവിലെ 6 മണിയുടെ ആദ്യ ഷോ വരെ ഈ ചർച്ചകൾ തുടരും.







