ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് നല്ല ആരോഗ്യത്തിനും ജലാംശത്തിനും അത്യന്താപേക്ഷിതമാണ്. ശരീരത്തില്‍ ജലാംശം നിലനിർത്തുക എന്നതും അത്യാവശ്യമാണ്. നമുക്ക് ആവശ്യമായ വെള്ളത്തിന്റെ അഞ്ചിലൊന്ന് ഭക്ഷണത്തില്‍ നിന്നാണ് ലഭിക്കുന്നത്, ബാക്കിയുള്ളത് നമ്മള്‍ കുടിക്കുന്ന ദ്രാവകങ്ങളില്‍ നിന്നാണ്. ചായ, കാപ്പി, പഴച്ചാറുകള്‍, പാല്‍, സൂപ്പ്, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവയുള്‍പ്പെടെ ഏത് ദ്രാവകങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് വെള്ളം ലഭിക്കും. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെ ആശ്രയിച്ച് നിങ്ങള്‍ക്ക് ആവശ്യമായ വെള്ളത്തിന്റെ അളവ് ദിവസം തോറും വ്യത്യാസപ്പെടാം. ചൂടുള്ളതോ ഈർപ്പമുള്ളതോ ആയ ദിവസമാണെങ്കില്‍, നിങ്ങള്‍ക്ക് കൂടുതല്‍ വെള്ളം ആവശ്യമായി വന്നേക്കാം. ശരീരത്തില്‍ ആവശ്യത്തിന് ജലം ഇല്ലാത്ത അവസ്ഥയെ നിർജലീകരണം എന്നാണ് പറയുന്നത്. ഈ അവസ്ഥ ദീർഘകാലം തുടർന്നാല്‍ വ്യക്കകളുടെ സമ്മർദ്ദം അധികരിക്കുകയും വൃക്കയിലെ കല്ല്, മൂത്രനാളിയിലെ അണുബാധകള്‍, ഗുരുതരമായ വൃക്കരോഗങ്ങള്‍ തുടങ്ങിയവയിലേക്ക് നയിക്കുവാൻ ഇടയാവുകയും ചെയ്യും. ഇത് ക്രമേണ വൃക്കകളുടെ പ്രവർത്തനം കുറയവാനും ഗുരുതരമായ അവസ്ഥയിലേക്ക് പരിണമിക്കുവാനും കാരണമാവുകയും ചെയ്യും. ആവശ്യത്തിന് ജലം ശരീരത്തിലില്ല എന്ന് എങ്ങനെ മനസ്സിലാക്കാം..?
അമിത ദാഹം
അമിതമായ ദാഹം ശരീരത്തില്‍ ആവശ്യത്തിന് ജലമില്ല എന്നതിന്റെ ലക്ഷണമായി പലരും കരുതാറുണ്ട്. ഇത് ലക്ഷണമാണെങ്കിലും ഇത് മാത്രമല്ല നിർജലീകരണത്തിന്റെ ലക്ഷണങ്ങള്‍.
മൂത്രത്തിന്റെ നിറം
സാധാരണഗതിയില്‍ ആരോഗ്യമുള്ള മൂത്രത്തിന്റെ നിറം ഇളം മഞ്ഞയോ ഇളം വൈക്കോല്‍ നിറമോ ആയിരിക്കും. ഇതില്‍നിന്ന് വ്യത്യസ്തമായി മൂത്രം ഇരുണ്ട നിറത്തില്‍ കാണപ്പെടുകയാണെങ്കില്‍ അത് നിർജ്ജലീകരണത്തിന്റെ ലക്ഷണമായി കണക്കാക്കാം.
*
വരണ്ട ചർമവും വായയും
ജലാംശത്തിന്റെ കുറവ് ശരീരത്തിലുണ്ടെങ്കില്‍ വായ, ചർമം തുടങ്ങിയ ശരീരഭാഗങ്ങള്‍ വരണ്ട് കാണപ്പെടാൻ സാധ്യതയുണ്ട്.
തലകറക്കം, ദിശാബോധം നഷ്ടപ്പെടല്‍
നർജലീകരണം അധികമാകുന്ന സന്ദർഭങ്ങളില്‍ തലകറക്കം ഉണ്ടാകുവാനോ ദിശാബോധം നഷ്ടപ്പെടുവാനോ കാരണമാകും.
തലവേദന
ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതെ വരുമ്പോള്‍ ശക്തമായ തലവേദന, മൈഗ്രേൻ തുടങ്ങി രോഗാവസ്ഥകള്‍ പ്രത്യക്ഷപ്പെടാൻ ഇടയാകും.