ആമസോണ്‍ നദിയുടെ പോഷകനദിയായ പ്യൂറസിന്‍റെ കരയില്‍ ബ്രസീലില്‍ ഇതാ മറ്റൊരു ‘ആമ സോണ്‍’. പ്യൂറസ് നദിക്കരയില്‍ വിരിഞ്ഞിറങ്ങിയത് 92,000 ആമക്കുഞ്ഞുങ്ങളാണ്. ബ്രസീലിലെ വന്യജീവി സംരക്ഷണ സൊസൈറ്റി (ഡബ്ല്യു.സി.എസ്) പുറത്തുവിട്ട ഈ ദൃശ്യങ്ങള്‍ പരിസ്ഥിതിസ്നേഹികള്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ‘ആമ സൂനാമി’ എന്ന് സമൂഹമാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറലാണിപ്പോള്‍.
പതിനായിരക്കണക്കിന് ആമക്കുഞ്ഞുങ്ങള്‍ ഒരേസമയം വിരിഞ്ഞിറങ്ങുന്നതിന്‍റെ ദൃശ്യങ്ങളാണ് ഡബ്ല്യു.സി.എസ് ട്വിറ്ററില്‍ പങ്കുവെച്ചത്. ശുദ്ധജല ആമയായ ജയ്ന്റ് സൗത്ത് അമേരിക്കന്‍ റിവര്‍ ടര്റ്റ്ലുകളാണ് പ്യുറസിന്‍റെ സംരക്ഷിതമേഖലയില്‍ വിരിഞ്ഞിറങ്ങിയത്.
ആദ്യം 71,000 ആമക്കുഞ്ഞുങ്ങളും കുറച്ചുദിവസങ്ങള്‍ക്ക് ശേഷം 21,000 ആമക്കുഞ്ഞുങ്ങളുമാണ് വിരിഞ്ഞിറങ്ങിയതെന്ന് ഡബ്ല്യു.സി.എസിലെ ശുദ്ധജല ആമ വിദഗ്ധയായ കാമില ഫെറാറ പറഞ്ഞു. പ്രാദേശികമായി വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി പെണ്‍ ആമകളെയും അവരുടെ കൂടുകളേയും വിദഗ്ധര്‍ നിരീക്ഷിച്ചുവരികയായിരുന്നെന്ന് അവര്‍ വ്യക്തമാക്കി.
ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല ആമയാണ് ജയ്ന്റ് സൗത്ത് അമേരിക്കന്‍ റിവര്‍ ടര്റ്റ്ല്. പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ മൂന്നരയടി നീളവും 90 കിലോയോളം ഭാരവും ഇവക്ക് ഉണ്ടാകും.