നീലേശ്വരം: കാസര്‍ഗോഡ് നീലേശ്വരത്ത് കടലില്‍ കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം കണ്ടെത്തി. നീലേശ്വരത്തിനും കാഞ്ഞങ്ങാടിനും ഇടയില്‍ 10 നോട്ടിക്കല്‍ മൈല്‍ അകലെ തീരദേശ പൊലീസ് പട്രോളിങ് സംഘമാണ് ഇതിനെക്കണ്ടത്. പട്രോളിങ്ങിനിടെ കടലില്‍ ദ്വീപ് പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഭാഗം കണ്ട് സംശയം തോന്നി അടുത്തു ചെന്നപ്പോഴാണ് കൂറ്റന്‍ തിമിംഗലത്തിന്റെ അഴുകിയ ജഡം കണ്ടത്.
4 ടണ്ണില്‍ അധികം ഭാരം വരുമെന്നു തീരദേശ പൊലീസ് പറയുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നീലേശ്വരത്തും വലിയപറമ്ബിലും ഉള്‍പ്പെടെ കൂറ്റന്‍ തിമിംഗലങ്ങളുടെ 10 ജഡം അടിഞ്ഞപ്പോള്‍ തീരദേശ പൊലീസ് വ്യാപക അന്വേഷണം നടത്തിയിരുന്നു. തിമിംഗലത്തിന്റെ ശരീരത്തില്‍ നിന്നു വില കൂടിയ ആഡംബര സുഗന്ധ ദ്രവ്യങ്ങള്‍ നിര്‍മിക്കുന്നതിലെ ചേരുവ എടുക്കുന്നതിനാണ് തിമിംഗല വേട്ടക്കാര്‍ ഇവയെ വേട്ടയാടുന്നത്.
കാലാവസ്ഥാവ്യതിയാനം കാരണവും തിമിംഗലങ്ങള്‍ ചത്തുപോകാറുണ്ട്. സംഭവത്തില്‍ തീരദേശ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.