തോല്‍വിയില്‍ നിന്ന് വിജയത്തിലേക്കുള്ള യാത്രയിലാണ് അനില്‍ അംബാനിയും റിലയൻസ് പവറും. ഇക്കഴിഞ്ഞ 2025 മാർച്ച് പാദത്തില്‍ 126 കോടി രൂപയുടെ അറ്റാദായമാണ് കമ്ബനി നേടിയത്. 2024 മാർച്ച് 31ന് അവസാനിച്ച പാദത്തില്‍ 397.56 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഇത്തരത്തില്‍ ഒരു വർഷം കൊണ്ട് നഷ്ടങ്ങള്‍ നികത്താനും, ലാഭത്തിലേക്ക് കയറാനും സാധിച്ചത് റിലയൻസ് പവറിന്റെ നേട്ടമായി വിലയിരുത്തപ്പെടുന്നു.
വെള്ളിയാഴ്ച്ചയാണ് കമ്ബനി മാർച്ച് പാദഫലങ്ങള്‍ പ്രഖ്യാപിച്ചത്. പവർ പ്രൊജക്ടുകള്‍ ഏറ്റെടുത്ത് നടപ്പാക്കുന്ന കമ്ബനിയാണിത്. അതേ സമയം സമാന കാലയളവില്‍ കമ്ബനിയുടെ ആകെ വരുമാനം 2,193.85 കോടി രൂപയില്‍ നിന്ന് 2,066 കോടിയായി ചെറിയ താഴ്ച്ച നേരിട്ടിട്ടുമുണ്ട്. എന്നാല്‍ ഇതേ കാലയളവില്‍ ആകെ ചിലവ് 2,615.15 കോടി രൂപയില്‍ നിന്ന് 1,998.49 കോടി രൂപയായി (Under review) താഴ്ത്തി നിർത്താൻ കമ്ബനിക്ക് സാധിച്ചു. 2024-25 സാമ്ബത്തിക വർഷത്തില്‍ കമ്ബനിയുടെ അറ്റാദായം 2,947.83 കോടി രൂപയാണ്.2023-24 സാമ്ബത്തിക വർഷത്തില്‍ കമ്ബനിക്ക് 2,068.38 കോടിയുടെ നഷ്ടമാണ് ഉണ്ടായിരുന്നത്.
ഇക്കഴിഞ്ഞ സാമ്ബത്തിക വർഷത്തില്‍ 5,338 കോടി രൂപയുടെ കടബാധ്യതകള്‍ തീർക്കാൻ സാധിച്ചതും റിലയൻസ് പവറിന് നേട്ടമായി മാറി. ഇത്തരത്തില്‍ 12 മാസത്തെ മെച്യൂരിറ്റി റീപേയ്മെന്റ് അടക്കം നടത്തിയിട്ടുണ്ട്. 2024 സാമ്ബത്തിക വർഷത്തില്‍ കമ്ബനിയുടെ ഡെറ്റ്-ടു-ഇക്വിറ്റി അനുപാതം 1.61:1 എന്ന തോതിലായിരുന്നത്, 2025 സാമ്ബത്തിക വർഷത്തില്‍ 0.88:1 എന്ന നിലയിലേക്ക് കുറയ്ക്കാനും സാധിച്ചിട്ടുണ്ട്. റിലയൻസ് പവറിന്റെ ഇപ്പോഴത്തെ ഓപ്പറേറ്റിങ് പോർട്ഫോളിയോ 5,305 മെഗാവാട്ടിന്റേതാണ്. ഇതില്‍ ലോകത്തെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് കോള്‍ പവർ പ്ലാന്റായ സാസൻ പവറിന്റെ 3,960 മെഗാവാട്ട് ശേഷിയും ഉള്‍പ്പെടും. കഴിഞ്ഞ ഏഴ് വർഷമായി ഇന്ത്യയിലെ മികച്ച ഓപ്പറേറ്റിങ് പവർ പ്ലാന്റായി ഖ്യാതി നേടിയത് സാസൻ പവർ പ്ലാന്റാണ്.
റിലയൻസ് പവറിന്റെ പ്രമോട്ടർ കമ്ബനിയും, കണ്‍ട്രോളർ ഷെയർ ഹോള്‍ഡറും റിലയൻസ് ഇൻഫ്രാസ്ട്രക്ചറാണ്. അനില്‍ അംബാനി നയിക്കുന്ന റിലയൻസ് ഗ്രൂപ്പിലെ പ്രമുഖ കമ്ബനി കൂടിയാണിത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച, വാരാന്ത്യത്തില്‍ വ്യാപാരം അവസാനിക്കുമ്ബോള്‍ റിലയൻസ് പവർ ഓഹരി വില 1.01% ഉയർന്ന് 38.65 രൂപയിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്