കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍(NAFLD). ലോകമെമ്പാടും ഫാറ്റി ലിവര്‍ ഇന്ന് ആശങ്കയായി മാറിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മുതിര്‍ന്നവരില്‍ 32 ശതമാനം പേര്‍ ഫാറ്റി ലിവര്‍ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് ഒരു പഠനം പറയുന്നത്.
ഫാറ്റി ലിവറും വിറ്റാമിന്‍ ഡിയുടെ കുറവും തമ്മില്‍ ബന്ധമുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ?
ഫാറ്റി ലിവര്‍ രോഗമുള്ളവരില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറവായിരിക്കുമെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് ഉള്ളവരില്‍ വിറ്റാമിന്‍ ഡിയുടെ കുറവുണ്ടാകുന്നത് അസാധാരണമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വിറ്റാമിന്‍ ഡിയെ അതിന്റെ സജീവ രൂപത്തിലേക്ക് മാറ്റുന്നതില്‍ കരള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇത് ശരീരത്തിലെ കാല്‍സ്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. അധിക കൊഴുപ്പ് കരളിനെ ബാധിക്കുമ്പോള്‍, വിറ്റാമിന്‍ ഡി സംസ്‌കരിക്കാനും പരിവര്‍ത്തനം ചെയ്യാനുമുള്ള അതിന്റെ കഴിവ് പരിമിതമാകും. ഇതുകൊണ്ടാണ് ഫാറ്റി ലിവര്‍ രോഗമുള്ളവരില്‍ പലപ്പോഴും വിറ്റാമിന്‍ ഡിയുടെ അളവും കുറയുന്നതെന്ന് ചില പഠനങ്ങള്‍ പറയുന്നു.
വിറ്റാമിന്‍ ഡിയുടെ കുറവ് ഫാറ്റി ലിവറിന് കാരണമാകണമെന്നില്ല. പക്ഷെ വിറ്റാമിന്‍ ഡിയുടെ അളവ് കുറയുന്നത്, കരളിന്റെ ആരോഗ്യത്തെ കൂടുതല്‍ വഷളാക്കും. ഇവ രണ്ടും തമ്മിലുള്ള കൃത്യമായ ബന്ധം കണ്ടെത്താന്‍ പഠനങ്ങള്‍ നടക്കുന്നുണ്ട്.








