ഹണിമൂണ്‍ യാത്രക്കിടെ ഇൻഡോർ സ്വദേശിയായ നവവരൻ മേഘാലയയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. ഇൻഡോർ സ്വദേശിയായ രാജ രഘുവംശിയാണ് (29) കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സോനത്തെയാണ് യു.പിയിലെ ഗാസിപൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
സോനം വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിന്റെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതായും സോനം ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായും മേഘാലയ പൊലീസ് പറഞ്ഞു. ഗാസിപൂരില്‍ ഒളിവില്‍ കഴിയുകയായിരുന്ന സോനം സ്വന്തം വീട്ടുകാരെ വിളിക്കുകയായിരുന്നു. വീട്ടുകാർ വിവരം പൊലീസിന് കൈമാറി. തുടർന്നാണ് യു.പി പൊലീസിനെ ബന്ധപ്പെട്ട് സോനത്തെ അറസ്റ്റ് ചെയ്തത്.
മേയ് 11നായിരുന്നു ഇവരുടെ വിവാഹം. ഹണിമൂണ്‍ യാത്രയുടെ ഭാഗമായി മേഘാലയയില്‍ എത്തിയ ഇവരെ മേയ് 23ന് ചിറാപുഞ്ചിയിലെ സൊഹ്‌റ പ്രദേശത്താണ് അവസാനമായി കണ്ടത്. ദമ്ബതികളെ കാണാതായി 11 ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ രണ്ടിന് സൊഹ്‌റയിലെ വീസവ്‌ഡോങ് വെള്ളച്ചാട്ടത്തിനടുത്തുള്ള മലയിടുക്കില്‍ നിന്നാണ് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്.
മേഘാലയ പൊലീസ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.മധ്യപ്രദേശില്‍ നിന്നുള്ള വാടകക്കൊലയാളികളെ സോനം ഭർത്താവിനെ കൊലപ്പെടുത്താൻ നിയോഗിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലാവാനുണ്ടെന്ന് മേഘാലയ ഡി.ജി.പി പറഞ്ഞു.