മാതൃകാ വീട് നിർമ്മാണത്തിൽ പൂർണ്ണ സംതൃപ്തരെന്ന് ഗുണഭോക്താക്കൾ.
കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മാണം പൂർത്തിയായ മാതൃകാ വീട് കാണാനെത്തിയ റവന്യൂ മന്ത്രി കെ രാജനെ നിറകണ്ണുകളോടെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കു വെക്കുകയായിരുന്നു മുണ്ടക്കൈ റാട്ടപാടിയിലെ വിജയകുമാർ (46). “സാധാരണക്കാരനായ എനിക്ക് ഈ ആയുസിൽ കെട്ടിപ്പടുക്കാൻ സാധിക്കാത്ത സ്വപ്നമാണ് സർക്കാർ ഞങ്ങൾക്കായി നിർമ്മിച്ച് നൽകിയത്. വീട് നോക്കി കണ്ടു, ഭാവിയിൽ രണ്ട് നില നിർമ്മിക്കാവുന്ന വിധം ഗുണമേന്മയോടുള്ള നിർമ്മാണമാണ് എൽസ്റ്റണിലേത്,” മാതൃകാ വീട് വിശദമായി കണ്ട ശേഷം വിജയകുമാർ മന്ത്രിയോട് പറഞ്ഞു. “ഞങ്ങൾ വർഷങ്ങളായി പാടിയിൽ താമസിക്കുന്നവരാണ്. അരിച്ചു പൊറുക്കി സമ്പാദിച്ചതെല്ലാം ദുരന്തത്തിൽ ഒലിച്ചു പോയപ്പോൾ ഞങ്ങൾക്ക് സഹായം നൽകി കൂടെ ചേർത്തത് സർക്കാരും നാട്ടുകാരുമാണ്,” വിജയകുമാർ കൂട്ടിച്ചേർത്തു.
പുത്തുമല ഹൃദയ ഭൂമിയിലെ സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും മനസ് വേദനിപ്പിച്ചെങ്കിലും ടൗൺഷിപ്പിലെത്തിയപ്പോൾ ഗുണഭോക്താക്കളുടെ ഉള്ളു നിറഞ്ഞ പ്രതികരണം നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചതെന്ന് മന്ത്രി രാജൻ മറുപടി പറഞ്ഞു.
സർക്കാറിൻ്റെയും സംസ്ഥാനത്തെ മുഴുവൻ ജനങ്ങളുടെയും ഉത്തരവാദിത്ത്വമാണ് അതിജീവിതർക്ക് വീട് ഒരുക്കുകയെന്നത്. ലോകത്ത് എവിടെയും കാണാത്ത മനുഷ്യ സ്നേഹത്തിൻ്റെ അടയാളമാണ് ദുരന്ത ഭൂമിയിൽ നാം കണ്ടത്. ദുരന്തം പിന്നിട്ട് 62 ദിവസങ്ങൾക്കകം എൽസ്റ്റൺ – നെടുമ്പാല എസ്റ്റേറ്റുകളിൽ പുനരധിവാസത്തിനായി സ്ഥലം കണ്ടെത്തി. മുണ്ടക്കൈ -ചൂരൽമല അതിജീവിതർക്കായി 105 ദിവസത്തിനകമാണ് മാതൃകാവീട് പൂർത്തിയാക്കിയത്. എൽസ്റ്റണിൽ കൂടുതൽ തൊഴിലാളികളെ ഏർപ്പെടുത്തി 2025 ഡിസംബർ 31 നകം ടൗൺഷിപ്പിലെ മുഴുവൻ വീടുകളുടെയും നിർമ്മാണം പൂർത്തീകരിക്കുമെന്നും 2026 ജനുവരിയിൽ ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറുമെന്നും മന്ത്രി പറഞ്ഞു.
ടൗൺഷിപ്പിൽ അഞ്ച് സോണുകളിലെയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പട്ടികജാതി -പട്ടികവർഗ്ഗ – പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപേഷ് ബസുമതാരി, ജനപ്രതിനിധികൾ, ഗുണഭോക്താക്കൾ എന്നിവർ എൽസ്റ്റണിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.