ദില്ലി: ഇന്ത്യ അമേരിക്ക വാപ്യാര കരാറിന്‍റെ ചര്‍ച്ചകള്‍ അവസാനിക്കും മുമ്പേയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയുടെ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം നികുതി നാളെ മുതല്‍ നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചത്. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര സഹകരണം തുടരുന്നതിലെ അമേരിക്കയുടെ അസംതൃപ്തിയാണ് ട്രംപിന്‍റെ പെട്ടെന്നുള്ള പ്രഖ്യാപനത്തിന് കാരണമെങ്കിലും ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര ധാരണയിലെത്താന്‍ ഉഭയ കക്ഷി ചര്‍ച്ചയിലൂടെ ഇനിയും കഴിയുമെന്നാണ് കയറ്റുമതി മേഖലയുടെ പ്രതീക്ഷ.
ഓഗസ്റ്റ് 1 എന്ന ഡെഡ് ലൈന്‍ ട്രംപ് നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും ഉഭയ കക്ഷി വ്യാപാര ചര്ച്ചകള്‍ തുടരുന്നതിനാല്‍ ഉയര്‍ന്ന നികുതി നടപ്പാക്കുന്നത് നീട്ടിവെച്ചേക്കുമെന്ന ധാരണയിലായിരുന്നു ഇന്ത്യന്‍ വ്യാപാര മേഖല. ഓഗസ്റ്റ് 25 ന് അമേരിക്കന്‍ പ്രതിനിധി സംഘം തുടര്‍ ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലേക്ക് വരാനിരിക്കുകയാണ്. പക്ഷെ ചര്‍ച്ചകള്‍ പൂര്‍ത്തിയാകും മുമ്പേ നികുതി നിരക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്‍റ്. ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും 25 ശതമാനം നികുതിയാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്.