ലീഗ്സ് കപ്പിൽ ഇന്റർ മയാമിക്ക് നാടകീയ വിജയം. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ നെകാക്സയെയാണ് മയാമി കീഴടക്കിയത്. നിശ്ചിത സമയത്ത് 2-2 സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് ഇന്റർ മയാമി വിജയം പിടിച്ചെടുത്തു.
തിരിച്ചടിയോടെയായിരുന്നു ഇന്റർ മയാമിയുടെ തുടക്കം. മത്സരത്തിന്റെ 11-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് പേശീവലിവിനെ തുടർന്ന് കളം വിടേണ്ടിവന്നു. മെസ്സിയെ നഷ്ടമായെങ്കിലും തകർപ്പൻ തിരിച്ചുവരവാണ് ഇന്റർ മയാമി കാഴ്ചവെച്ചത്. മെസ്സി കളം വിട്ടതിന് തൊട്ടടുത്ത നിമിഷം ടെലാസ്കോ സെഗോവിയയിലൂടെ മയാമി ലീഡെടുത്തു. എന്നാൽ 33-ാം മിനിറ്റിൽ ടോമസ് ബഡലോണിയുടെ ഗോളിലൂടെ നെകാക്സ സമനില പിടിച്ചു.