രാജ്യത്ത് വാർഷ ടോൾ പാസ് പദ്ധതി ഓഗസ്റ്റ് 15 മുതൽ ആരംഭിക്കാൻ പോകുകയാണ്. ഈ പാസ് വാങ്ങുന്ന വാഹന ഉടമകൾക്ക്, ഒരു വർഷത്തേക്ക് ടോളിൽ വലിയ തുക നൽകേണ്ടി വരില്ല. പുതിയ വാർഷിക ഫാസ്‍ടാഗിലൂടെ വെറും 15 രൂപയ്ക്ക് ടോൾ പ്ലാസകൾ കടക്കാൻ കഴിയുമെന്ന് അടുത്തിടെ റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി ഈ പാസിനെക്കുറിച്ച് പറഞ്ഞിരുന്നു. ഈ പാസിന്റെ വില 3000 രൂപയാണ്. അതിൽ 200 യാത്രകൾ ഉൾപ്പെടുന്നു. ഒരു യാത്ര എന്നാൽ ടോൾ പ്ലാസ ഒരിക്കൽ കടക്കുക എന്നാണ്. അതായത് ഒരു ടോളിന് 15 രൂപ മാത്രമേ ചെലവാകൂ. ഇതാ വാർഷിക ടോൾ പാസിനെക്കുറിച്ച് അറിയേണ്ടതെല്ലാം.
ഫാസ്റ്റ്ടാഗ് വാർഷിക പാസ് എന്താണ്?
വാർഷിക ടോൾ പാസ് ഒരുതരം പ്രീപെയ്ഡ് ടോൾ സ്‍കീമാണ്. ഇത് കാറുകൾ, ജീപ്പുകൾ, വാനുകൾ തുടങ്ങിയ വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. പുതിയ പാസ് പ്രഖ്യാപിക്കുമ്പോൾ, 60 കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ടോൾ പ്ലാസകളുമായി ബന്ധപ്പെട്ട ദീർഘകാല ആശങ്കകൾ പരിഹരിക്കാനും താങ്ങാനാവുന്ന വിലയിലുള്ള ഒറ്റ ഇടപാടിലൂടെ ടോൾ പേയ്‌മെന്റുകൾ ലളിതമാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിലൂടെയും തിരക്ക് കുറയ്ക്കുന്നതിലൂടെയും തർക്കങ്ങൾ കുറയ്ക്കുന്നതിലൂടെയും ദശലക്ഷക്കണക്കിന് സ്വകാര്യ വാഹന ഉടമകൾക്ക് വേഗതയേറിയതും എളുപ്പവുമായ യാത്രാ അനുഭവം നൽകാനാണ് വാർഷിക പാസ് ലക്ഷ്യമിടുന്നത്.