തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ശേഷം ജില്ലയില്‍ നിന്ന് പുതിയതായി പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കിയത് 75244 പേര്‍. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച ജൂലൈ 23 മുതല്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയായ ഓഗസ്റ്റ് 12 വരെയാണ് ഇത്രയും പേര്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയത്.
വോട്ടർ പട്ടികയിൽ ഉൾപ്പെട്ട പേര് ഒഴിവാക്കാനും നിലവിൽ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയതിന് ആക്ഷേപം അറിയിക്കാനും ഫോം അഞ്ച് പ്രകാരം 18814 അപേക്ഷകൾ ലഭിച്ചു. വോട്ടർ പട്ടികയിലെ പേരോ വിശദാംശങ്ങളോ തിരുത്തുന്നതിന് 290 അപേക്ഷകൾ ലഭിച്ചു. ഒരു വാർഡിൽ നിന്നും മറ്റൊരു വാർഡിലേക്ക് മാറാൻ ഫോം ഏഴ് പ്രകാരം 5455 പേരാണ് അപേക്ഷ സമർപ്പിച്ചത്. 20 പേരാണ് ജില്ലയില്‍ പ്രവാസി അപേക്ഷകരായുള്ളത്. വോട്ടര്‍ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാനുള്ള 96 അപേക്ഷകൾ ലഭിച്ചപ്പോൾ ഉദ്യോഗസ്ഥര്‍ സ്വമേധയാ സ്വീകരിച്ച നടപടികളിലൂടെ 180 പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കി.