തുടികൊട്ടി നൃത്തച്ചുവടുകൾ വച്ച് ജീവിതം തന്നെ ലഹരിയെന്ന സന്ദേശം ഉറക്കെപ്പാടി അവരിനി നെയ്കുപ്പയിലെ ഓരോ വീട്ടിലുമെത്തും. ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യകേരളത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന പുകയില – ലഹരി വിമുക്ത പദ്ധതിയായ ‘തുടി’ പൂതാടി നെയ്കുപ്പ ഉന്നതിയിൽ ആരംഭിച്ചു.
തദ്ദേശ ജനതയുടെ കലകളെയും സംസ്കാരത്തെയും പരിപോഷിപ്പിച്ചുകൊണ്ട് പുകയില – ലഹരി വിരുദ്ധ ശീലമാറ്റ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഉന്നതികളെ പുകയില-ലഹരി വിമുക്ത മാതൃകാ ഉന്നതികളായി പ്രഖ്യാപിക്കാനാണ് തുടി പദ്ധതി ലക്ഷ്യമിടുന്നത്. പുകവലി, മുറുക്കൽ, മദ്യപാനം, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങിയ അനാരോഗ്യ ശീലങ്ങളിൽ നിന്ന് മുക്തി നേടുന്നതിനുള്ള ബോധവൽക്കരണം, കൗൺസലിങ്ങ്, സാമൂഹിക മാനസിക പിന്തുണ, ചികിത്സ എന്നിവ ഉന്നതികളിൽ നേരിട്ടെത്തിക്കുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
നെയ്കുപ്പ സെൻ്റ് ജോസഫ് ചർച്ച് ഹാളിൽ നടന്ന പരിപാടി പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി പ്രകാശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എം എസ് പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ എൻ പി എൻ സി ഡി നോഡൽ ഓഫീസർ ഡോ കെ ആർ ദീപ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ മിനി സുരേന്ദ്രൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ ജെ സണ്ണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അന്നക്കുട്ടി ഉണ്ണിക്കുന്നേൽ, വാർഡ് മെമ്പർ സരിത, പൂതാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അനിഷ, ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ കെ എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ പി എം ഫസൽ, കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സജീവ്, ഫാദർ ജോർജ് എന്നിവർ ബോധവത്കരണ പ്രഭാഷണം നടത്തി.
ഊരുമിത്രം ആശമാരും തദ്ദേശ നിവാസികളും അവതരിപ്പിച്ച ലഹരി വിരുദ്ധ സംഗീത നൃത്ത പരിപാടികൾ അരങ്ങേറി.