ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന രജനീകാന്ത് ചിത്രം ‘കൂലി’ പ്രദർശനത്തിനെത്താൻ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി.ലോകേഷ് കനകരാജ് സംവിധാനംചെയ്ത ചിത്രം ലോകവ്യാപകമായി ഓഗസ്റ്റ് 14-ന് റിലീസ് ചെയ്യും. അഡ്വാൻസ് ബുക്കിങ്ങിലും ചിത്രം വലിയ മുന്നേറ്റമാണ് നടത്തുന്നത്. രജനീകാന്തിന് പുറമേ വൻതാരനിര അണിനിരക്കുന്ന ചിത്രത്തിലെ അഭിനേതാക്കളുടെ പ്രതിഫലവിവരമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചർച്ച.
സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍
കലാനിധിമാരൻ നിർമിക്കുന്ന ചിത്രത്തില്‍ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ പ്രതിഫലം 200 കോടിയാണെന്നാണ് ഡെക്കാൻ ക്രോണിക്കിള്‍ റിപ്പോർട്ടുചെയ്യുന്നത്. നേരത്തെ, 150 കോടിക്കായിരുന്നത്രെ കരാറായിരുന്നത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് റെക്കോർഡുകള്‍ സൃഷ്ടിച്ചതോടെ പ്രതിഫലം ഉയർത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ചിത്രത്തില്‍ അതിഥി വേഷങ്ങളിലെത്തുന്ന ആമിർ ഖാന് 20 കോടിയും നാഗാർജുനയ്ക്ക് 10 കോടിയും വീതമാണ് പ്രതിഫലമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സത്യരാജിനും ഉപേന്ദ്രയ്ക്കും യഥാക്രമം അഞ്ചും നാലും കോടി വീതമാണ് പ്രതിഫലം. പ്രീതി എന്ന കഥാപാത്രമായെത്തുന്ന ശ്രുതി ഹാസന് നാലുകോടി ലഭിക്കും.
സംവിധായകൻ ലോകേഷ് കനകരാജിന് 50 കോടിയും സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിന് 15 കോടിയുമാണ് പ്രതിഫലമെന്നും റിപ്പോർട്ടുകള്‍ പറയുന്നു. പൂജാ ഹെഗ്ഡെയ്ക്ക് മൂന്നുകോടിയാണ് പ്രതിഫലം. കൂട്ടത്തില്‍ കുറവ് പ്രതിഫലം സൗബിൻ ഷാഹിറിനാണെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്, ഒരുകോടി രൂപ.