കൊച്ചി: പ്രിയ ഫുട്ബോൾ പ്രേമികളേ, കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് കാൽപ്പന്തുകളിയുടെ ‘മിശിഹാ’ നമ്മുടെ കേരളത്തിലേയ്ക്ക് എത്തുകയാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചതോടെ ലോകമെങ്ങുമുള്ള മലയാളികൾ ഹാപ്പി. മെസി കേരളത്തിലെത്തുന്ന വിവരം പങ്കുവെച്ച് എഎഫ്എ ഇട്ട പോസ്റ്റിൽ മലയാളി ഫുട്ബോൾ ആരാധകരുടെ കമന്റിന്റെ പൂരമാണ്.
‘മക്കളെ അടിച്ച് കയറി വാ…. മിശിഹായും ലോക ചാമ്പ്യൻസും കേരളത്തിലേക്ക്, ഫുട്ബാളിന്റെ രാജാവ് കേരളത്തിന്റെ മണ്ണിലേക്ക് മക്കളേ…’ എന്നു തുടങ്ങി മെസിയെയും സംഘത്തെയും കേരള മണ്ണിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുകയാണ്. കൃത്യമായ ദിവസങ്ങൾ കൂടി എഎഫ്എ പ്രഖ്യാപിച്ചതോടെ ഇനി കൗണ്ട്ഡൗണിന്റെ നാളുകളാണ്.
മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് പ്രദേശിക സമയം ഏഴ് മണിക്കാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചത്. നവംബര്‍ 10 നും 18 നും ഇടയിലുള്ള തീയതികളിൽ അര്‍ജന്റീന ടീം കേരള സന്ദര്‍ശിക്കുമെന്നായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.
അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാരിനെയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി നിരവധി പേര്‍ സൃഷ്ടിച്ച പുകമറ കൂടിയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെ ഇല്ലാതാവുന്നത്. വസ്തുതകള്‍ അന്വേഷിക്കാതെ മെസിയും സംഘവും കേരളത്തിലെത്തില്ലെന്ന നിലയില്‍ ഒരു വിഭാഗം നടത്തിയ പ്രചാരണം കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ നിരാശയിലാക്കിയിരുന്നു. എന്നാല്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രഖ്യാപനത്തോടെ കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ ഏറെനാളായി കാത്തിരുന്ന കാല്‍പന്തുകളിയുടെ ഉത്സവദിനങ്ങള്‍ക്ക് കൊടിയേറ്റം ആരംഭിച്ചിരിക്കുകയാണ്.