വിപണിയില്‍ എത്തും മുൻപ് ഇളക്കി മറിച്ച് ഷവോമിയുടെ പുതിയ ഇലക്‌ട്രിക് കാറായ YU7 എസ്‌യുവി. ചൈനീസ് കാർ വിപണിയില്‍ ഔദ്യോഗിക ബുക്കിങ് ആരംഭിച്ചപ്പോള്‍ മൂന്ന് മിനിറ്റ് കൊണ്ട് കിട്ടിയത് 2 ലക്ഷത്തിന് മുകളില്‍ ബുക്കിങ്ങുകളാണ്. ചൈനീസ് വിപണിയിലെത്തുന്ന ടെസ്‌ല മോഡല്‍ Y ഇവിയെക്കാള്‍ വിലക്കുറവാണ് YU7 എസ്‌യുവിക്ക്. 253,500 യുവാനാണ് മോഡലിന്റെ വില വരുന്നത്. അതായത് ഏതാണ്ട് 30 ലക്ഷം രൂപയോളം വരും.
സിംഗിള്‍-, ഡ്യുവല്‍-മോട്ടോർ ഓപ്ഷനുകളാണ് ഷവോമിയുടെ ഇലക്‌ട്രിക് എസ്‌യുവി. 88kW കരുത്തില്‍ പരമാവധി 528 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനുള്ള ശേഷി വാഹനത്തിനുണ്ട്. CLTC ടെസ്റ്റ് സൈക്കിള്‍ അനുസരിച്ച് 96.3kWh ബാറ്ററി പായ്ക്കും റിയർ-വീല്‍-ഡ്രൈവുമായി വരുന്ന ഷവോമി YU7 സ്റ്റാൻഡേർഡ് പതിപ്പിന് സിംഗിള്‍ ചാർജില്‍ 835 കിലോമീറ്റർ റേഞ്ച് വരെ നല്‍കാനാവും. ഓള്‍-വീല്‍-ഡ്രൈവ് പ്രോ മോഡലിന് 760 കിലോമീറ്ററാണ് കമ്ബനി പറയുന്ന റേഞ്ച്.
ഷവോമി YU7 വെറും 12 മിനിറ്റില്‍ ബാറ്ററി 10 മുതല്‍ 80 ശതമാനം വരെ ചാർജാകും. 15 മിനിറ്റ് ചാർജ് ചെയ്താല്‍ 620 കിലോമീറ്റർ ഓടാനാകുമെന്നാണ് ബ്രാൻഡിന്റെ അവകാശവാദം. വാഹനത്തില്‍ നിന്ന് 200 മീറ്റർ അകലെയുള്ള വാഹനങ്ങളെയും 100 മീറ്റർ അകലെയുള്ള കാല്‍നടയാത്രക്കാരെയും തിരിച്ചറിയാൻ കഴിയുന്ന LiDAR, 4D മില്ലിമീറ്റർ-വേവ് റഡാർ, HD ക്യാമറകള്‍, അള്‍ട്രാസോണിക് സെൻസറുകള്‍ എന്നിവയുടെ പിന്തുണയോടെ വിപുലമായ ADAS ഫംഗ്ഷനുകള്‍ വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.