കുഴിനിലം അഗതിമന്ദിരത്തിലെ അന്തേവാസികൾക്കും വിദ്യാർത്ഥികൾക്കും പട്ടികവികസന വകുപ്പ് ഓണക്കോടി വിതരണം ചെയ്തു. സബ് കളക്ടർ അതുൽ സാഗർ ഉദ്ഘാടനം നിർവഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി 30 അന്തേവാസികൾക്കും മൂന്ന് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾക്കും മൂന്ന്, ഏഴ് ക്ലാസുകളിലെ ഓരോ വിദ്യാർത്ഥികൾക്കുമാണ് ഓണക്കോടി വിതരണം ചെയ്തത്.
2001- 2002 കാലഘട്ടത്തിലാണ് ജില്ലയിൽ അഗതി മന്ദിരം ആരംഭിക്കാൻ പട്ടികവർഗ വികസന വകുപ്പ് അനുമതി നൽകിയത്. 10 അന്തേവാസികളുമായി ആരംഭിച്ച സ്ഥാപനത്തിന് വേണ്ടി, ജില്ലാ പഞ്ചായത്ത് 2016ൽ പുതിയ കെട്ടിടം നിര്‍മിച്ചുനൽകി. ഇപ്പോൾ സ്ഥാപനത്തിൽ 30 അന്തേവാസികളാണുള്ളത്. ഇവരിൽ 20 പേർ മാനസിക പ്രശ്നങ്ങൾക്കും ബാക്കിയുള്ള 10 പേർ മറ്റ് പലവിധ രോഗങ്ങൾക്കും ചികിത്സ തേടുന്നവര്‍ കൂടിയാണ്.
പട്ടികവർഗ വികസന വകുപ്പിന്റെ അടിയ-പണിയ പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് ലഭ്യമാക്കിയാണ് സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നത്. ദിവസ വേതനാടിസ്ഥാനത്തിൽ ഒരു വാർഡൻ, രണ്ട് കുക്ക്, ഒരു ആയ എന്നിവരെ സ്ഥാപനത്തിൽ നിയമിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ പഠനസൗകര്യം ലഭ്യമാക്കിവരുന്നു.
മാനന്തവാടി ടിഡിഒ എം മജീദ് അധ്യക്ഷനായ പരിപാടിയിൽ അസിസ്റ്റന്റ് ടിഡിഒ ടി കെ മനോജ്, തവിഞ്ഞാൽ ടി ഇഒ പി ജെ പീറ്റർ, അഗതി മന്ദിരം വാർഡൻ സി ടി ലക്ഷ്മി, കെ റഫീഖ്, പി ടി സന്തോഷ് എന്നിവർ സംസാരിച്ചു.