മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി കല്‍പ്പറ്റ ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഒരുങ്ങുന്ന സ്വപ്ന ഭവനങ്ങളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു. നിലവില്‍ ഏഴ് വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി. ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അഞ്ച് സോണുകളിലായി നിര്‍മ്മിക്കുന്ന 410 വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. നിലവില്‍ ആദ്യ സോണിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ധ്രുതഗതിയില്‍ പുരോഗമിക്കുന്നത്.
നിലവില്‍ 114 വീടുകളുടെ ബില്‍ഡിങ് സെറ്റ് ഔട്ട്, 114 വീടുകളുടെ ഉത്ഖനനം, 43 വീടുകളുടെ ഫൂട്ടിങ് കോണ്‍ക്രീറ്റ്, 34 വീടുകളുടെ സ്റ്റം കോളം, 12 വീടുകള്‍ക്കുള്ള ബീമുകളുടെ കോണ്‍ക്രീറ്റ്, ഒന്‍പത് വീടുകളുടെ കോളം കോണ്‍ക്രീറ്റ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയായിയിട്ടുണ്ട്.
ആദ്യ സോണില്‍ 140, രണ്ടാം സോണില്‍ 51, മൂന്നാം സോണില്‍ 55, നാലാം സോണില്‍ 51, അഞ്ചാം സോണില്‍ 113 വീടുകളാണ് നിര്‍മ്മിക്കുന്നത്. 262 വീടുകള്‍ക്കുള്ള ക്ലിയറിങ് ആന്‍ഡ് ഗ്രബ്ബിങ് പ്രവൃത്തി പൂര്‍ത്തിയായി. 144 വീടുകളുടെ കോണ്‍ പെനട്രേഷന്‍ ടെസ്റ്റ് (മണ്ണിന്റെ ഘടന പരിശോധന), 80 വീടുകളുടെ പ്ലെയിന്‍ സിമന്റ് കോണ്‍ക്രീറ്റ് എന്നിവയും പൂര്‍ത്തിയായി. 200 വീടുകള്‍ക്ക് ഏഴ് സെന്റ് വീതമുള്ള അതിരുകള്‍ നിശ്ചയിച്ചു.
ടൗണ്‍ഷിപ്പിലൂടെ കടന്നുപോകുന്ന കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്മിഷന്‍ ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ നാല് പ്രധാന ടവറുകളുടെ പ്രവൃത്തികള്‍ ഏല്‍സ്റ്റണില്‍ ആരംഭിച്ചു. സബ്‌സ്റ്റേഷന്‍ സ്ഥാപിക്കാന്‍ 2.35 ഏക്കര്‍ സ്ഥലം ടൗണ്‍ഷിപ്പിനോട് അനുബന്ധമായി കണ്ടെത്തി പ്രവര്‍ത്തികള്‍ ആരംഭിക്കാനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. സബ്‌സ്റ്റേഷന്‍ നിര്‍മ്മാണത്തിനുള്ള മണ്ണൊരുക്കല്‍ പ്രവര്‍ത്തികള്‍ക്കായി ടെന്‍ഡര്‍ ക്ഷണിച്ചു. പ്രവര്‍ത്തികള്‍ ഒരാഴ്ചയ്ക്കകം ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി എക്‌സക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ടൗണ്‍ഷിപ്പിലേക്കുള്ള റോഡ് പ്രവര്‍ത്തികളും നിലവില്‍ ആരംഭിച്ചു.