ഭാവി കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ണയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന വിഷന്‍ 2031 സെമിനാര്‍ ഗോത്ര മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആര്‍ കേളു. പിന്നാക്ക വിഭാഗങ്ങളുടെ വികസനത്തില്‍ മാറ്റം സൃഷ്ടിക്കുന്ന അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെയ്ക്കുന്ന വേദിയായിസെമിനാര്‍ മാറുമെന്നും മന്ത്രി പറഞ്ഞു. വിഷന്‍ 2031 ന്റെ ഭാഗമായി പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ്ജില്ലയില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാറിന്റെ സംഘാടകസമിതി രൂപീകരണ യോഗം മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒക്ടോബര്‍ 25 ന് രാവിലെ 10 ന് മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന സെമിനാര്‍ നടക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, ഉദ്യോഗസ്ഥര്‍, എം.എല്‍.എമാര്‍, മുന്‍ മന്ത്രിമാര്‍, മുന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ – സാമൂഹിക പ്രവര്‍ത്തകര്‍, പ്രൊമോട്ടര്‍മാര്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങി ആയിരത്തോളം പേര്‍ സെമിനാറില്‍ പങ്കെടുക്കും.ഭാവി വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനൊപ്പം കഴിഞ്ഞ 10 വര്‍ഷക്കാലം വകുപ്പ് നടപ്പാക്കിയ വികസന നേട്ടങ്ങള്‍ വിഷന്‍ 2031 ല്‍ അവതരിപ്പിക്കും. ഭാവി പ്രവര്‍ത്തന പദ്ധതികള്‍ സംബന്ധിച്ച് സെമിനാറില്‍ മന്ത്രി വിശദീകരിക്കും. സെമിനാറിലൂടെ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ ക്രോഡീകരിക്കുന്ന ആശയങ്ങള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും.
പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ചെയര്‍മാനായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി, പനമരം, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജാ കൃഷ്ണന്‍, ചന്ദ്രികാ കൃഷ്ണന്‍, സി. അസൈനാര്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായുമാണ് സംഘാടക സമിതി രൂപീകരിച്ചത്. ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ കണ്‍വീനറും സബ് കളക്ടര്‍ അതുല്‍ സാഗര്‍, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി. പ്രമോദ്, എസ്.സി ഓഫീസര്‍ മുകേഷ് എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരായും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി വര്‍ക്കിങ് ചെയര്‍മാനായും പ്രവര്‍ത്തിക്കും.
സംഘാടകസമിതി രൂപീകരണ യോഗത്തില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ, സബ് കളക്ടര്‍ അതുല്‍ സാഗര്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ശശികുമാര്‍, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി പ്രമോദ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ടി.എം മുകേഷ്, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പ്രമോട്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.