വന്ദേ ഭാരത് ട്രെയിനുകൾക്ക് രാജ്യമെമ്പാടും വലിയ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. നിരവധി യാത്രക്കാരാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകളിൽ യാത്ര ചെയ്തുവരുന്നത്. കേരളത്തില്‍ ഓടുന്ന രണ്ട് വന്ദേ ഭാരതുകളിലും ടിക്കറ്റ് പോലും ലഭിക്കാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. കോച്ചുകളുടെ എണ്ണം കൂട്ടിയിട്ടും ടിക്കറ്റ് കിട്ടാനില്ല എന്ന അവസ്ഥയാണ്.
ഇത് കണക്കിലെടുത്ത് കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ കൂടി അനുവദിക്കണം എന്ന് കേരളം റെയിൽവേ മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ റെയിൽവേ മന്ത്രാലയം ആ ആവശ്യം നിരാകരിച്ചിരിക്കുകയാണെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിന് കാരണമായി റെയിൽവേ പറയുന്നത് ട്രാക്കിലെ തിരക്കാണ്.
പുതിയ വന്ദേ ഭാരതിനെക്കൂടി ഉൾക്കൊള്ളാൻ കേരളത്തിലെ നിലവിലെ റെയിൽവേ സംവിധാനത്തിന് സാധിക്കില്ല എന്നതാണ് പ്രശ്നം. ഇപ്പോഴുള്ള രണ്ട് വന്ദേ ഭാരതിനായിത്തന്നെ നിരവധി ട്രെയിനുകൾ പിടിച്ചിടേണ്ടിവരികയാണ്. ഏതെങ്കിലും കാരണത്താൽ വന്ദേ ഭാരത് വൈകിയാൽ അത് കൂടുതൽ വണ്ടികളെ ബാധിക്കുന്ന അവസ്ഥയാണുള്ളത്. ഇനിയും സംസ്ഥാനത്തിന് വന്ദേ ഭാരത് അനുവദിച്ചാൽ കൂടുതൽ ട്രെയിനുകളെ പിടിച്ചിടേണ്ടിവരുമെന്നും അത് സാധാരണക്കാരെയടക്കം നിരവധി ആളുകളെ ബാധിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്’ റിപ്പോർട്ട് ചെയ്യുന്നു.