കൽപ്പറ്റ: മോശം വിൽപ്പനാനന്തര സേവനത്തിൽ പ്രതിഷേധിച്ച് ഉപഭോക്താക്കൾ കൽപ്പറ്റയിലെ ഓല ഇലക്ട്രിക് സ്കൂട്ടർ ഷോറൂം പൂട്ടിപ്പിച്ചു. കൈനാട്ടിയിലുള്ള ഷോറൂമിന് മുന്നിൽ റീത്ത് വെച്ചായിരുന്നു സ്കൂട്ടർ ഉടമകളുടെ പ്രതിഷേധം. സർവീസിനെത്തിച്ച വാഹനങ്ങൾ മാസങ്ങളായി നശിക്കുകയാണെന്നും കമ്പനി അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
വാഹനം വാങ്ങി നാല് മാസത്തിനുള്ളിൽ തന്നെ നിരവധി തകരാറുകൾ സംഭവിച്ചതായും, സർവീസിനായി മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. സർവീസിനായി ഷോറൂമിൽ എത്തിച്ച വാഹനങ്ങൾ മഴ നനഞ്ഞും ഇഴജന്തുക്കൾ കയറിയും നശിക്കുന്നതായും പരാതിയുണ്ട്.
ദീർഘകാലം നീളുന്ന അറ്റകുറ്റപ്പണികൾ, തൃപ്തികരമല്ലാത്ത പരിഹാരങ്ങൾ, എക്സ്റ്റൻഡഡ് വാറന്റി ലഭിക്കുന്നതിലെ കാലതാമസം എന്നിവയുൾപ്പെടെ നിരവധി പരാതികളാണ് ഉടമകൾ ഉന്നയിച്ചത്. തകരാറുകൾ ശ്രദ്ധയിൽപ്പെടുത്താൻ ഓല മാനേജ്മെന്റുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിക്കുന്നില്ലെന്നും അവർ ആരോപിച്ചു. ഓലയുടെ വിൽപ്പനയും സേവനങ്ങളും പൂർണ്ണമായും നിർത്തലാക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
അതേസമയം, വാഹനങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതും സർവീസ് നടത്തുന്നതും കമ്പനി നേരിട്ടാണെന്നും അതാണ് കാലതാമസത്തിന് കാരണമെന്നുമാണ് ഷോറൂം അധികൃതർ നൽകുന്ന വിശദീകരണം.