ദുരന്തങ്ങള്‍ക്കും അത്യാഹിതങ്ങള്‍ക്കുമിടയില്‍ മാനസികാരോഗ്യം സംരക്ഷിക്കുകയെന്ന സന്ദേശത്തോടെ ജില്ലയില്‍ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളം, ജില്ലാ മാനസികാരോഗ്യ വിഭാഗത്തിന്റയും സംയുക്താഭിമുഖ്യത്തില്‍ കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സ് ഹോട്ടലില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. പ്രകൃതി ദുരന്തങ്ങള്‍ക്കും മറ്റ് അത്യാഹിതങ്ങള്‍ക്കും ഇരയാകുന്നവര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെയും സഹായഹസ്തവുമായി ഓടിയെത്തുന്നവരുടെയും മാനസികാരോഗ്യത്തിന് പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അഗ്നിശമന സേന, പൊലീസ്, സിവില്‍ ഡിഫന്‍സ്, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു. ദുരന്തമുഖങ്ങളില്‍ പതറാതെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ ഏര്‍പ്പെട്ട നിരവധി ഉദ്യോഗസ്ഥരും സന്നദ്ധ പ്രവര്‍ത്തകരും ഇപ്പോഴും ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തരായിട്ടില്ലെന്നും മാനസികാരോഗ്യം സംരക്ഷിക്കാന്‍ ഗൗരവപൂര്‍വ്വമായ ഇടപെടലുകള്‍ വേണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പരിപാടിയില്‍ ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ബോധവത്കരണ വീഡിയോ പ്രകാശനം ചെയ്തു.
കല്‍പ്പറ്റ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ. എ.പി മുസ്തഫ അധ്യക്ഷനായ പരിപാടിയില്‍ ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിന്‍ ബാബു, ജില്ലാ മാനസികാരോഗ്യ പദ്ധതി പ്രോഗ്രാം ഓഫീസര്‍ ഡോ. പ്രിയ സേനന്‍, നോഡല്‍ ഓഫീസര്‍ ഡോ. അപര്‍ണ നായര്‍, സൈക്യാട്രിസ്റ്റ് ഡോ. കെ. ജംഷീല, കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. ഹരീഷ് കൃഷ്ണന്‍, ഡോക്ടേഴ്സ് ഫോര്‍ യു കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഷമീര്‍, ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ഡെപ്യുട്ടി ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം ഫസല്‍, സോഷ്യല്‍ വര്‍ക്കര്‍ ആശാ പോള്‍ എന്നിവര്‍ സംസാരിച്ചു.