ബത്തേരി: പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭയുടെ വിദ്യാഭ്യാസ മേഖലയിലെ പദ്ധതികൾക്ക് ആശയരൂപീകരണം നൽകുന്നതിനായി സംഘടിപ്പിച്ച ‘സ്റ്റുഡന്റ്‌സ് കൗൺസിൽ 2025’ ശ്രദ്ധേയമായി. നഗരസഭയുടെ പദ്ധതികളുടെ പ്രധാന ഗുണഭോക്താക്കളായ വിദ്യാർഥികളുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും പ്രാധാന്യം നൽകിയാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും മറ്റ് ജീവനക്കാരും സന്തോഷത്തോടെ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾ സൃഷ്ടിക്കുക എന്നതാണ് നഗരസഭ ലക്ഷ്യമിടുന്നത്.
ജനകീയാസൂത്രണ പദ്ധതികളിലൂടെ വിദ്യാഭ്യാസമേഖലയിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ നഗരസഭയ്ക്ക് സാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, വിദ്യാലയങ്ങളിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ, ഇപ്പോഴത്തെ അവസ്ഥ, അടുത്ത 10 വർഷം കൊണ്ട് കൈവരിക്കേണ്ട നേട്ടങ്ങൾ, അക്കാദമിക-ഭൗതിക പദ്ധതികൾ എന്നിവ വിദ്യാർഥികൾക്ക് നഗരസഭാ ഭരണസമിതിക്ക് മുമ്പിൽ നേരിട്ട് അവതരിപ്പിക്കാൻ അവസരം ലഭിച്ചു.
നഗരസഭാ പരിധിയിലെ 8350 വിദ്യാർഥികളെ പ്രതിനിധീകരിച്ച് എൽ.പി. വിഭാഗത്തിൽ നിന്ന് 7 പ്രോജക്റ്റുകളും യു.പി. വിഭാഗത്തിൽ നിന്ന് 6 പ്രോജക്റ്റുകളും ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്ന് 7 പ്രോജക്റ്റുകളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ നിന്ന് 4 പ്രോജക്റ്റുകളും ഉൾപ്പെടെ ആകെ 25 നൂതന ആശയങ്ങളാണ് കൗൺസിലിൽ അവതരിപ്പിച്ചത്. ഓരോ ആശയവും അഞ്ച് വിദ്യാർഥികളാണ് അഞ്ച് മിനിറ്റ് കൊണ്ട് അവതരിപ്പിച്ചത്.
വിദ്യാർഥികളിൽ നിന്ന് ലഭിക്കുന്ന മികച്ച ആശയങ്ങൾ സ്‌കൂളുകളിൽ നടപ്പാക്കുന്നതിനായി നഗരസഭ പ്രത്യേക സാമ്പത്തിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. എൽ.പി. വിഭാഗത്തിന് 10,000 രൂപയും, യു.പി. വിഭാഗത്തിന് 20,000 രൂപയും, എച്ച്.എസ്. വിഭാഗത്തിന് 30,000 രൂപയും, എച്ച്.എസ്.എസ്. വിഭാഗത്തിന് 40,000 രൂപയും ഈ പദ്ധതിയിലൂടെ സ്‌കൂളുകൾക്ക് നൽകും.
എൽ പി വിഭാഗത്തിൽ സ്കൂൾ സൗന്ദര്യവൽക്കരണത്തിൻ്റെ മികച്ച മാതൃക അവതരിപ്പിച്ച ജി എച്ച് എസ് ബീനാച്ചി , യു പി വിഭാഗത്തിൽ ആർച്ചറി പരിശീലനത്തിലൂടെ കായിക മികവിനും കൊഴിഞ്ഞ് പോക്ക് തടയുകയും ചെയ്യാം എന്ന വേറിട്ടൊരു ആശയം അവതരിപ്പിച്ച ജി എച്ച് എസ് ഓടപ്പള്ളം , ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതം മധുരം എന്ന നൂതന ആശയം അവതരിപ്പിച്ച സർവജന ഹൈസ്കൂളിനും , ഡിജിറ്റൽ പെയിൻ്റിംഗ് വിദ്യ ഉപയോഗിച്ച് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിപണനം ചെയ്യാം എന്ന നൂതന ആശയം അവതരിപ്പിച്ച സർവജന വി.എച്ച്. സി. വിഭാഗവും ഒന്നാം സ്ഥാനം നേടി
സ്റ്റുഡൻ്റ്സ് കൗൺസിൽ 2025 ൻ്റെ ഉദ്ഘാടനം ചെയർമാൻ ടി.കെ രമേശ് നിർവഹിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണം ജില്ലാ പ്ലാനിംഗ് ഓഫീസർ കമാലുദ്ദീൻ എം നിർവഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ ടോം ജോസ് , ലിഷ പി. എസ് , റഷീദ് കെ , സാലി പൗലോസ് , കക്ഷിനേതാക്കളായ ആരിഫ് എം , യോഹന്നാൻ കെ.സി , ഡി.ഇ. ഓ മൻമോഹൻ സി.വി , എസ് എസ് കെ ഡി പി സി അനിൽ കുമാർ, ഹയർ സെക്കണ്ടറി കോർഡിനേറ്റർ ഷിവികൃഷ്ണൻ , ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസർ ശ്രീജിത് കെ. എസ്. , എ ഇ ഓ ഷിജിത ബി.എസ് , ബി പി.സി. രാജൻ ടി. , നഗരസഭാ കൗൺസിലർമാർ, പ്രധാനാധ്യാപകർ എന്നിവർ സംസാരിച്ചു. നിർവഹണ ഉദ്യോഗസ്ഥാൻ പി എ അബ്ദുൾ നാസർ സ്വാഗതവും കോർഡിനേറ്റർ സജി ടി.ജി നന്ദിയും പറഞ്ഞു.
ഒരു ദിവസംവിദ്യാർഥികളുടെ ശബ്ദത്തിന് നഗരസഭ നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ പുതിയ കാൽവെപ്പ്.