മുന്‍പ് പ്രായമായവരില്‍ കൂടുതലായി വന്നിരുന്ന ഹൃദ്രോഗവും ഹൃദയാഘാതവുമെല്ലാം ഇന്ന് ചെറുപ്പക്കാര്‍ക്കിടയിലും വ്യാപകമായിത്തുടങ്ങിയിട്ടുണ്ട്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങളെ തിരിച്ചറിഞ്ഞ് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഹൃദയാരോഗ്യം സംരക്ഷിക്കാനുള്ള ഏക മുന്‍കരുതല്‍ നടപടി. 20 തിലും 30കളിലുമുള്ളവർക്ക് ഹൃദയാഘാതം ഉണ്ടാകുന്നതിനെക്കുറിച്ച് ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ കെയര്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് – ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി വിദഗ്ധന്‍ ഡോ. ജോഹാന്‍ ക്രിസ്റ്റഫര്‍ പറയുന്നത് ഇങ്ങനെയാണ്.
‘പ്രത്യേകിച്ച് മുന്നറിയിപ്പ് അടയാളങ്ങള്‍ ഒന്നും ഇല്ലാതെയാണ് പല ചെറുപ്പക്കാരിലും ഹൃദയാഘാതം ഉണ്ടാകുന്നത്.തുടര്‍ച്ചയായ സമ്മര്‍ദ്ദവും മോശം ഉറക്കവും ഹൃദയത്തെ പ്രശ്‌നത്തിലാക്കുന്ന രണ്ട് ഘടകങ്ങളാണ്. ജോലിഭാരവും ജീവിതശൈലിയിലെ വ്യത്യാസവും മൂലം ശാരീരിക ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാത്തവരാണ് പലരും. സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ കാലക്രമേണ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവ് ഉയരുന്നു. ഇത് ഹൃദയത്തെ കൂടുതലായി കഠിനാധ്വാനം ചെയ്യിപ്പിക്കാനിടയാക്കും. അപ്പോള്‍ രക്തക്കുഴലുകള്‍ ചുരുങ്ങുകയും രക്ത ചംക്രമണം ബുദ്ധിമുട്ടിലാക്കുകയും രക്തക്കുഴലുകളില്‍ തടസമുണ്ടാവുകയും ചെയ്യുന്നു. ഈ മാറ്റങ്ങളൊന്നും പെട്ടെന്ന് സംഭവിക്കുന്നതല്ലെന്നാണ് ഡോ.ക്രിസ്റ്റഫര്‍ പറയുന്നത്.








