രോഗം ഏതാണെങ്കിലും അവ ബാധിക്കുന്നതിന് മുന്‍പ് തന്നെ നമ്മുടെ ശരീരം അതിൻ്റെ ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. എന്നാല്‍ അത് കൃത്യമായി മനസിലാക്കി ചികിത്സിക്കാന്‍ നമ്മള്‍ക്ക് പലപ്പോഴും കഴിയാറില്ല. ഇത് വലിയ അപകടങ്ങള്‍ക്ക് വഴി വെച്ചേക്കാം. അത്തരത്തില്‍ മരണത്തിന് പോലും കാരണമായേക്കാവുന്ന ലക്ഷണങ്ങള്‍ അവഗണിച്ചതിനെ തുടര്‍ന്നുണ്ടായ ഭയാനകമായ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് ഒരു യുവാവ്. സമൂഹ മാധ്യമമായ റെഡിറ്റിലാണ് യുവാവ് തന്റെ പിതാവിനുണ്ടായ ഹൃദയാഘാത ലക്ഷണങ്ങളെ പറ്റി വിവരിച്ചിരിക്കുന്നത്.
അച്ഛന് കുറച്ച് ദിവസങ്ങളായി തുടര്‍ച്ചയായി നെഞ്ചെരിച്ചിലും അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. ചായ കുടിക്കുന്നത് കൊണ്ടുള്ള അസിഡിറ്റി പ്രശ്‌നമാണെന്നാണ് അദ്ദേഹം തുടക്കത്തില്‍ കരുതിയത്. ഞങ്ങളും അങ്ങനെ തന്നെയാണ് വിചാരിച്ചിരുന്നത്. എന്നാല്‍ പതിയെ ഇത് നെഞ്ചിന്റെ വലതുവശത്തെ വീക്കത്തിലേക്കും, നടുവേദനയിലേക്കും മാറുകയായിരുന്നുവെന്ന് യുവാവ് കുറിപ്പില്‍ പറയുന്നു. പരിശോധനയ്ക്ക് വിധേയനാവാന്‍ പറഞ്ഞ് കുടുംബം നിര്‍ബന്ധിച്ചില്ലെങ്കിലും ദഹനപ്രശ്‌നമാണെന്ന് പറഞ്ഞ് അദ്ദേഹം അത് നിരസിക്കുകയായിരുന്നു.
പിന്നീട് കുടുംബത്തിന്റെ നിര്‍ബന്ധം മൂലം ആദ്യം സോണോഗ്രഫി ചെയ്തു നോക്കിയെങ്കിലും പ്രശ്‌നങ്ങളൊന്നും കണ്ടെത്താനായില്ല. എന്നാല്‍ ഇസിജി കൂടി പരിശോധിച്ച് നോക്കാമെന്ന് കരുതിയപ്പോഴാണ് പിതാവിന്റെ ഹൃദയത്തിന്റെ ഒരു ധമനി മുഴുവനായി അടഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. ഹൃദയാഘാതത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന അവസരത്തിലാണ് തങ്ങള്‍ കൃത്യമായി പരിശോധന നടത്തിയതെന്നും ഇല്ലായിരുന്നെങ്കില്‍ മരണം പോലും സംഭവിക്കാന്‍ സാധ്യതയുണ്ടായിരുന്നുവെന്ന് യുവാവ് കുറിപ്പില്‍ പറയുന്നു. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ യാതൊരു കാരണവശാലും തള്ളി കളയാന്‍ പാടില്ലായെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.








