തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂര്‍ത്തിയായി. ഇന്ന്(ഡിസംബർ 10) രാവിലെ ഏട്ട് മുതൽ ജില്ലയിലെ ഏഴ് വിതരണ കേന്ദ്രങ്ങളിൽ നിന്നും പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉച്ചയോടെ പ്രത്യേക വാഹനങ്ങളിൽ ബൂത്തുകളിലെത്തി ക്രമീകരണങ്ങൾ പൂർത്തിയാക്കി. നാളെ (ഡിസംബർ 11) രാവിലെ ആറിന് പോളിങ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ ബൂത്തുകളിൽ മോക്ക് പോൾ നടത്തുകയും തുടർന്ന് കൺട്രോൾ യൂണിറ്റ് സീൽ ചെയ്ത് ഏഴ് മുതൽ വോട്ടിങ് തുടങ്ങുകയും ചെയ്യും.
കമ്മീഷനിങ് കഴിഞ്ഞ് വിതരണ കേന്ദ്രങ്ങളിലെ സ്‍ട്രോങ് റൂമുകളിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് പുറത്തെടുത്തത്. തുടര്‍ന്ന് ഓരോ ബൂത്തുകളിലേക്കും നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മെഷീനുകൾ, മറ്റ് സാമഗ്രികൾ എന്നിവ കൈമാറി. പഞ്ചായത്ത് തലത്തിലുള്ള ബൂത്തുകളിൽ മൂന്ന് ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റുമാണുള്ളത്. നഗരസഭകളിൽ ഒരു ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റുമായിരിക്കും ഉണ്ടാവുക. വോട്ടര്‍മാര്‍ക്ക് രാവിലെ ഏഴ് മുതൽ വോട്ട് രേഖപ്പെടുത്താം. തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദേശിച്ചിട്ടുള്ള ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖ ബൂത്തിലെത്തുമ്പോൾ കൈയിലുണ്ടാവണം. പ്രിസൈഡിങ് ഓഫീസര്‍ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരാണ് ഒരോ ബൂത്തിലുമുള്ളത്. ഒന്നാം പോളിങ് ഓഫീസര്‍ വോട്ടറുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍ പട്ടികയിലെ വിവരങ്ങളും പരിശോധിക്കും. രണ്ടാം പോളിങ് ഉദ്യോഗസ്ഥന്‍ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടി, വോട്ട് രജിസ്റ്ററില്‍ സമ്മതിദായകന്റെ ഒപ്പ് രേഖപ്പെടുത്തി വോട്ട് ചെയ്യാന്‍ സ്ലിപ് നൽകും. വോട്ടിങ് യന്ത്രത്തിന്റെ ചുമതലയുള്ള പോളിങ് ഉദ്യോഗസ്ഥന് സ്ലിപ് കൈമാറുമ്പോള്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബാലറ്റ് ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ മെഷിന്‍ സജ്ജമാക്കും.
വോട്ട് രേഖപ്പെടുത്താന്‍ വോട്ടിങ് കമ്പാര്‍ട്ട്‌മെന്റില്‍ എത്തിയ ശേഷം ബാലറ്റ് യൂണിറ്റില്‍ വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണ്‍ അമര്‍ത്തണം. ഈ സമയം ചിഹ്നത്തിന് നേരെയുള്ള ലൈറ്റ് തെളിയും. മൂന്ന് വോട്ടുകളും രേഖപ്പെടുത്തി കഴിയുമ്പോള്‍ നീണ്ട ബീപ് ശബ്ദം കേള്‍ക്കും. ഇതോടെ വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാവും. ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലായിരിക്കും മെഷീനുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് വോട്ടുകളും ചെയ്യാൻ താത്പര്യമില്ലെങ്കിൽ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് നേരെയുള്ള ബട്ടൺ അമര്‍ത്തിയ ശേഷം എൻഡ് ബട്ടൺ അമര്‍ത്താവുന്നതാണ്. ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂണിറ്റിൽ ഏറ്റവും അവസാനമായിട്ടാണ് എൻഡ് ബട്ടണുള്ളത്. ഇതിൽ അമര്‍ത്തുന്നതോടെ വോട്ടിങ് പ്രക്രിയ പൂര്‍ത്തിയാവുകയും നീണ്ട ബീപ് ശബ്ദം കേൾക്കുകയും ചെയ്യും.
വൈകിട്ട് ആറ് വരെയാണ് വോട്ടിങ് സമയം. ആറിന് പോളിങ് ബൂത്തിലെ ക്യൂവിൽ നിൽക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാൻ അവസരം ലഭിക്കും. വൈകിട്ട് ആറ് മണിക്ക് ക്യൂവിലുള്ളവര്‍ക്ക് പ്രിസൈഡിങ് ഓഫീസര്‍ ടോക്കൺ നൽകും. ഏറ്റവും അവസാനം നിൽക്കുന്നയാളിന് ആദ്യത്തെ ടോക്കൺ എന്ന ക്രമത്തിലായിരിക്കും നൽകുക. വോട്ടിങ് പൂര്‍ത്തിയായ ശേഷം പോളിങ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ ഉദ്യോഗസ്ഥര്‍ ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റും വേര്‍പ്പെടുത്തി സീൽ ചെയ്ത് പ്രത്യേക വാഹനങ്ങളിൽ സ്വീകരണ കേന്ദ്രങ്ങളിലെത്തിക്കും. സ്വീകരണ കേന്ദ്രത്തിലെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കുന്ന വോട്ടിങ് മെഷീനുകൾ ഡിസംബർ 13ന് വോട്ടെണ്ണൽ ദിവസമാണ് പുറത്തെടുക്കുക.
ആകെ വോട്ടര്‍മാര്‍ 6,47,378
828 ബൂത്തുകളിലായി 6,47,378 വോട്ടർമാരാണ് ജില്ലയിൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 3,13,048 പുരുഷ വോട്ടർമാരും 3,34,321 സ്ത്രീ വോട്ടർമാരും എട്ട് ട്രാൻസ്ജൻഡർ വോട്ടർമാരും 20 പ്രവാസി വോട്ടർമാരുമാണുള്ളത്. ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെ 450 വാർഡുകളിലേക്കും 59 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലേക്കും 17 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും മൂന്ന് മുനിസിപ്പാലിറ്റികളിലെ 103 വാർഡകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 3988 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
189 പോളിങ് ബൂത്തുകളിൽ വെബ് കാസ്റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇവിടെനിന്നുള്ള തത്സമയ ദൃശ്യങ്ങൾ കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ മുഴുവൻ സമയവും നിരീക്ഷിക്കും. ജില്ലയിലെ 47 പ്രദേശങ്ങളിലായി 64 പ്രശ്ന ബാധ്യതാ ബൂത്തുകളും കണ്ടെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾക്കായി മാത്രം 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക പോലീസ് കൺട്രോൾ റൂമും പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ 9497935224 എന്ന നമ്പറിൽ അറിയിക്കാം. വോട്ടെടുപ്പ് പൂര്‍ത്തിയായാലും ഡിസംബർ 18 വരെ മാതൃകാ പെരുമാറ്റചട്ടം പ്രാബല്യത്തിലുണ്ടാവും. എല്ലാ വോട്ടർമാരും വിലയേറിയ സമ്മതിദാന അവകാശം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പറഞ്ഞു.
മുണ്ടക്കൈ – ചുരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പോളിങ് ബൂത്തിലെത്താൻ പ്രത്യേക വാഹന സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
രാവിലെ 11ന് ചൂരൽമല പോളിങ് കേന്ദ്രത്തിലേക്ക് പുറപ്പെടുന്ന ബസുകളുടെ വിവരങ്ങൾ
ബസ് നമ്പർ 01 – കൽപ്പറ്റ സിവിൽ സ്റ്റേഷൻ
ബസ് നമ്പർ 02 – കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ്
ബസ് നമ്പർ 03 – കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ്
ബസ് നമ്പർ 04 – വടുവൻചാൽ
ബസ് നമ്പർ 05 – വൈത്തിരി
ബസ് നമ്പർ 06 – മീനങ്ങാടി
ബസ് നമ്പർ 07 – മേപ്പാടി
ഉച്ചയ്ക്ക് 2.30 ന് ചൂരൽമല പോളിങ് കേന്ദ്രത്തിലേക്ക് പുറപ്പെടുന്ന ബസുകളുടെ വിവരങ്ങൾ
ബസ് നമ്പർ 01 – കണിയാമ്പറ്റ
ബസ് നമ്പർ 02 – കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ്
ബസ് നമ്പർ 03 – കാപ്പംകൊല്ലി
ബസ് നമ്പർ 04 – തിനപുരം
ബസ് നമ്പർ 05 – മേപ്പാടി
ബസ് നമ്പർ 06 – നെടുമ്പാല അമ്പലം
ബസ് നമ്പർ 07 – കുന്നമ്പറ്റ








